ആന്‍ അഗസ്റ്റിൻ,ലാല്‍ജോസ് ഒരുക്കിയ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് അഭിനയ രംഗത്തെക്ക് കടന്നു വന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വച്ച താരത്തിന് പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകുവാൻ സാധിച്ചു. സിനിമാറ്റോഗ്രഫര്‍ ജോമോന്‍ ടി ജോണുമായി വിവാഹത്തിനു ശേഷം ആൻ ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമാണ് വേഷങ്ങൾ ചെയ്തത്. അടുത്തിടെയാണ് ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത പുറത്ത് വന്നത്. ശേഷം താരം സിനിമ രംഗത്തേക്ക് മടങ്ങി വരുമോ എന്ന് ആരാധകർ കാത്തിരിക്കുകതയായിരുന്നു. ഇപ്പോള്‍ ആരാധകർക്കൊരു സന്തോഷ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആൻ അഗസ്റ്റിൻ എന്ന അഭിനേത്രി ഇതാ വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തുകയാണ്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും എം.മുകുന്ദനാണ്. ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
നാല് കൊല്ലങ്ങൾക്ക് മുൻപ് ദുൽഖർ നായകനായ സോളോയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഡാ തടിയാ, പോപ്പിൻസ്, റബേക്ക ഉതുപ്പ് കിഴക്കേമല, സിം എന്നീ സിനിമകളിൽ ആനിന്റെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും താരം നേടിയിരുന്നു.