ആൻ അഗസ്റ്റിൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. താരം അഭിനയരംഗത്ത് അരങ്ങേറിയത് എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം എത്തിയത്. മലയാളസിനിമാരംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. ഛായാഗ്രഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുനകയായിരുന്നു നടി. എന്നാൽ ബന്ധം പിരിഞ്ഞിരുന്നു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ആൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുമുണ്ട്. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ആൻ അഗസ്റ്റിൻ. ബെംഗളൂരുവിൽ മീരമാർ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് നടത്തുകയാണ് ആൻ ഇപ്പോൾ. ഇതിനൊപ്പം രണ്ട് സിനിമകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ് താരം.
അച്ഛന്റെ മരണവും ജീവിതത്തിൽ ഉണ്ടായ പല പ്രശ്‌നങ്ങളും അഭിനയിക്കണമെന്ന മോഹം ഇല്ലാതാക്കി. അവസരങ്ങളൊക്കെ വേണ്ടെന്നു വച്ചു. ആ ദിവസങ്ങൾ വാക്കുകൾ കൊണ്ട് പറയാനാകുന്നതിനും അപ്പുറമായിരുന്നു. ജീവിതത്തിൽ തിരിച്ചടികളുണ്ടായി. ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു- ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തു വന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബെംഗളൂരുവിലേക്ക് പോന്നു. പ്രൊഡക്ഷൻ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി. ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ബെംഗളൂരുവിൽ മിരമാർ ഫിലിംസ് എന്ന പ്രൊഡക് ഷൻ ഹൗസ് ആൻ നടത്തുന്നുണ്ട്. കേരള, കർണാടക ടൂറിസത്തിന്റെയും, വിസ്താര, ബ്രിട്ടാനിയ പോലെയുള്ള പല രാജ്യാന്തര ബ്രാൻഡുകളുടെ പരസ്യങ്ങൾ ചെയ്യുന്നുണ്ട്. പെട്ടെന്നു തീരുമാനമെടുക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ഞാൻ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങൾ കൊണ്ടാണ് ഇന്നു സന്തോഷത്തോടു കൂടി ഇരിക്കുന്നത്.വിധിയിൽ വിശ്വസിക്കുന്ന ആളാണു ഞാൻ. ജീവിതത്തിൽ ഇതെല്ലാം എ ന്നായാലും സംഭവിക്കേണ്ടതു തന്നെയായിരുന്നു. തെറ്റുകൾ മനസ്സിലാക്കി മുന്നോട്ടു നടക്കാനായെന്നത് വലിയ കാര്യമായി തോന്നുന്നു.
പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം. ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി തന്നെയാണ് ഞാൻ കാണുന്നത്. ആ സങ്കടകാലത്ത് അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. എന്നും പ്രാർഥിക്കുന്ന ആളാണ് ഞാൻ. ദൈവാനുഗ്രഹമാകാം, ഒരുപാടു പേരുടെ പ്രാർഥനയാകാം ആ ദിവസങ്ങൾ മറികടക്കാൻ സഹായിച്ചത്. കരഞ്ഞു തകർന്ന് ഉറങ്ങാൻ കിടന്നാലും അടുത്ത ദിവസം എഴുന്നേൽക്കുമ്പോ ൾ മനസ്സു പറയും സങ്കടപ്പെട്ടിട്ടു കാര്യമില്ല. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇങ്ങനെ വിഷമങ്ങളിൽ നിന്നൊക്കെ ഉണർന്നെണീറ്റ് മുന്നോട്ടു പോകാനായത് എന്റെ മാത്രം കഴിവു കൊണ്ടല്ല. അദൃശ്യമായി ആരൊക്കെയോ ധൈര്യം തന്നു. അതിനെ കുറിച്ചൊന്നും ആലോചിക്കാറില്ല. ഞാൻ മാത്രം ഉൾപ്പെട്ട കാര്യമാണല്ലോ. അത് എനിക്കു മാത്രം അറിയാവുന്ന ഒന്നായി നിൽക്കട്ടെ അല്ലേ? ഇതാണ് ജീവിതം. എല്ലാവർക്കും പ്രശ്‌നങ്ങളില്ലേ? എന്നെക്കാൾ എത്രയോ വ ലിയ സങ്കടങ്ങൾ നേരിടുന്നവരുണ്ടാകും. ഓരോരുത്തരുടെയും സന്തോഷം വ്യത്യസ്തമല്ലേ? നമ്മുടെ സന്തോഷമരുന്ന് നമ്മൾ തന്നെ കണ്ടെത്തിയാൽ മതി.കുറേ കരഞ്ഞാൽ തന്നെ മനസ്സിന് നല്ല ആശ്വാസം കിട്ടും എന്നാണ് വിശ്വാസം. ആൺകുട്ടിയായാലും പെൺകുട്ടിയായാലും കരയുന്നത് അത്ര വലിയ നാണക്കേടൊന്നുമല്ല. അതോടെ മനസ്സൊന്നു തണുക്കും.