നടൻ ആന്റണി വർഗീസ് മലയാളികളുടെ ഇഷ്ടതാരമാണ്. അങ്കമാലി ഡയറീസ് ഫെയിം കൂടിയായ ആന്‍റണി വര്‍ഗ്ഗീസ് രണ്ട് വര്‍ഷം മുമ്പ് തൊഴിലാളി ദിനത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ തന്‍റെ അച്ഛന്റെ ചിത്രം പങ്കുവെച്ചിരുന്നു. ആന്‍റണി ചിത്രത്തോടൊപ്പം ഉച്ചയ്ക്ക് തന്‍റെ അച്ഛൻ ചോറുണ്ണാന്‍ വന്നപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയാണ് ചിത്രമെടുത്തതെന്നും കുറിച്ചിരുന്നു. തൊഴിലാളിദിനാശംസകൾ, അപ്പനാണ്. ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ എന്നാണ് ആന്‍റണി കുറിച്ചിരുന്നത്.
ഇപ്പോഴിതാ ആന്‍റണി വര്‍ഗ്ഗീസ് അപ്പൻ തന്നെ തന്‍റെ ആ പഴയ മേയ്ദിന പോസ്റ്റ് ഓര്‍മ്മപ്പെടുത്തിയതിനെ കുറിച്ച് അപ്പന്‍റെ ചിത്രം പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്നത് കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്, ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്, സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം, അപ്പന്‍റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി, കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ് എന്നും പുതിയ പോസ്റ്റിൽ ആന്‍റണി കുറിച്ചു.