ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ നായകനായി മാറിയ മലയാളത്തിന്റെ സ്വന്തം താരമാണ് കുഞ്ചാക്കോ ബോബൻ. പിതാവായ ബോബൻ കുഞ്ചാക്കോ 1981 ൽ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ്റെ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് ആ ചോക്ലേറ്റ് കുമാരൻ 1997 മാർച്ച് 24 ന് പുറത്തിറങ്ങിയ ഫാസിൽ ചിത്രം അനിയത്തിപ്രാവിലൂടെ മലയാളി പെൺകുട്ടികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.
ചിത്രത്തിലെ നായികയായി എത്തിയത് ശാലിനിയായിരുന്നു. മലയാളികളുടെ എക്കാലത്തെയും ഇഷ്ടജോഡികളായിരുന്നു ഇരുവരും. അനിയത്തിപ്രാവ് മലയാളിപ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ്. അന്നേ വരെയുള്ള പല റെക്കോര്‍ഡുകളേയും തകര്‍ത്ത് ഈ ചിത്രം കുതിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബൻ എന്ന യുവതാരത്തിന് ആദ്യ സിനിമയിലൂടെ തന്നെ ബോക്സോഫീസുകളിൽ പ്രകമ്പനം സൃഷ്ടിക്കാൻ കഴിഞ്ഞു. അനിയത്തിപ്രാവിന്റെ വൻ ഹിറ്റ് റെക്കോർഡ് തകർക്കാൻ മറ്റൊരു ചിത്രത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.
കുഞ്ചാക്കോ ബോബൻ എന്ന യുവതാരത്തിൻ്റെ പേര് മലയാള സിനിമാ ചരിത്രത്തിൽ കുറിക്കപ്പെട്ടത് ആദ്യ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റായി മാറിയതോടെയാണ്. അനിയത്തിപ്രാവ് റിലീസ് ആയിറ്റി ഇന്നേക്ക് 24 വർഷം തികയുകയാണ്. ഈ പ്രത്യേക ദിനത്തിൽ ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളുമൊക്കെയായി നിരവധി പേരാണ് കുഞ്ചാക്കോ ബോബന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.