ഒരു സിനിമ നടൻ എന്നതിലുപരി സാമൂഹിക പ്രതിബന്ധതകൾ ഉള്ള ഒരു പൗരൻ കൂടിയാണ് താൻ എന്ന് ജയസൂര്യ പലതവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ കൊച്ചി നായരത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി ജയസൂര്യ കൊച്ചി മേയർക്ക് മുന്നിൽ വെച്ച മൂന്ന് നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് തുറന്ന് പറയുകയാണ് കൊച്ചി മേയർ ആണ് അഡ്വക്കേറ്റ് എം അനിൽ കുമാർ. അനിൽ കുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം,
എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാ താരത്തെ, കലാകാരനെ നഗരസഭാ ഓഫീസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് കണ്ടത്. എന്തിനാണദ്ദേഹം എന്നെ വിളിച്ചത് എന്ന് സംഭാഷണം തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത് . കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. 3 പ്രധാനപ്പെട്ട കാര്യങ്ങൾ, നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. ഒന്ന്. എന്റെ മനസ്സിലുണ്ടായിരുന്ന, നമുക്ക് എല്ലാവർക്കും ആഗ്രഹമുള്ള ആശയമാണ്. അത് നഗരത്തെ വൃത്തിയുള്ളതാക്കാനും , നഗരത്തിൽ പ്രധാനപ്പെട്ട തെരുവുകൾ എങ്കിലും തിരഞ്ഞെടുത്ത് ചെടികളും പൂക്കളും കൊണ്ട് ഹരിതാഭമാക്കുവാനും ആയിരുന്നു. രണ്ടാമത്തെ നിർദ്ദേശവും എന്റെ ഹൃദയത്തെ സ്പർശിച്ചു.., അത് നിരാലംബരായ മനുഷ്യർക്ക് വസ്ത്രങ്ങൾ നൽകുന്നതിനെ പറ്റിയുള്ള ഒരാശയമായിരുന്നു. വിദേശ രാജ്യങ്ങളിൽ പലയിടത്തും അങ്ങനെയുണ്ട് എന്നു ഞാൻ കേട്ടിട്ടുണ്ട്.
അദ്ദേഹം എന്നോട് പറഞ്ഞത് , ഉപയോഗിച്ചതും എന്നാൽ നല്ലതുമായ വസ്ത്രങ്ങൾ കൊണ്ടുവന്നിടാൻ നഗരസഭ സൗകര്യമൊരുക്കണം എന്നാണ്. മൂന്നാമത്തെ നിർദ്ദേശവും എന്നെ സ്വാധീനിക്കുന്നത് തന്നെയാണ്. അത് നഗരങ്ങളിലെ തെരുവുകളിൽ കലാകാരൻമാർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം കൊടുക്കണം എന്നായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് നിർദ്ദേശങ്ങളും ഞാൻ അവിടെ വച്ച് തന്നെ മനസ്സുകൊണ്ട് സ്വീകരിച്ചു. ഇതെല്ലാം തന്നെ നമുക്ക് പ്രായോഗികമാക്കാൻ കഴിയണം. അദ്ദേഹത്തിന്റെ ഭാര്യയാണ് ആ സൂര്യ തേജസ്സിനു പിന്നിലെ കാരണക്കാരി എന്നും നിമിഷങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി. പ്രിയപ്പെട്ട ശ്രീ ജയസൂര്യ …. നിങ്ങളെ ഞാൻ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഇത്രയും സ്നേഹപൂർവ്വം പെരുമാറുന്ന സിനിമാ നടൻമാർ ഉണ്ടോ എന്ന ചോദ്യം ഉയർത്താൻ താങ്കളുമായുള്ള കൂടി കാഴ്ച്ചയുടെ അനുഭവം കാരണമായി. ഞാനും എന്റെ നഗരവും താങ്കളോട് എന്നും കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ കുറിച്ച് ചിന്തിച്ചതിനും , അതിനേക്കാൾ ഉപരിയായി പാവപ്പെട്ട മനുഷ്യരെ കുറിച്ച് ചിന്തിച്ചതിനും അങ്ങയെ ഞാൻ ഹൃദയത്തോട് ചേർത്ത് നിർത്തിക്കോട്ടെ ….. ആയിരം പൂർണ്ണ ചന്ദ്രൻമാരുടെ അനുഗ്രഹം അദ്ദേഹത്തെ തേടിയെത്തട്ടെ …… നമുക്കിനിയും അദ്ദേഹത്തെ പോലൊരു പ്രതിഭാധനനിൽ നിന്നും നമ്മൾ കാത്തിരിക്കുന്ന ഒരു പാട് കഥാപാത്രങ്ങൾ പ്രതീക്ഷിക്കാം….. Let’s make KOCHI, a Clean,Green & Healthy City…