മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. മകൾക്കൊപ്പമുള്ള വിശേഷമെല്ലാം അമൃത പങ്കിടാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റാറുമുണ്ട്. ഇപ്പോഴിതാ പ്രിയമകൾ തനിക്കായി കുറിച്ച് സ്നേഹാക്ഷരങ്ങൾ ഹൃദയം നിറഞ്ഞ് പങ്കുവയ്ക്കുകയാണ് അമൃത.
ലോകത്തിലെ ഏറ്റവും നല്ല അമ്മ തന്റെ അമ്മയാണെന്ന് പറയുകയാണ് അമൃതയുടെ മകൾ അവന്തിക. ‘ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’ എന്നാണ് മകളെഴുതിയ വാക്കുകൾ പങ്കുവച്ച് അമൃത കുറിച്ചത്. ‘ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും, ശക്തയായ വ്യക്തിയും, മികച്ച ഗായികയും, ദയയുള്ള സുന്ദരി ചിത്രശലഭവും, മാധുര്യമേറിയ വ്യക്തിയും നിങ്ങളാണ് എന്നാണ് അമ്മയ്ക്കു നൽകിയ കാർഡിൽ പാപ്പു കുറിച്ചത്.
അവന്തികക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. പാട്ടുപാടിയും കുസൃതി കാട്ടിയും പാപ്പു ഒരുപാട് തവണ നമുക്കു മുൻപിൽ എത്തിയിട്ടുണ്ട്. പാപ്പുവിന് ‘പാപ്പു ആൻറ് ഗ്രാൻഡ്മാ’ എന്ന യുട്യൂബ് ചാനലുമുണ്ട്. പാപ്പുവും അമ്മാമ്മയും ചേർന്നാണ് ഇതിൽ വിഡിയോകൾ അവതരിപ്പിക്കാറ്.