മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്. ഇപ്പോഴിതാ സംഗീത ലോകത്ത് നിന്നും മറ്റൊരു ചുവടുവെപ്പ് നടത്താൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് അമൃത.
ഇപ്പോഴാണ് അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങുന്നത്. കുറേ കാലം മുൻപ് വരെയും അങ്ങനൊരു ആഗ്രഹം മനസിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുൻപ് വന്ന അവസരങ്ങളൊക്കെ താൻ വേണ്ടെന്ന് വെച്ചിരുന്നു. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്താണ് എനിക്ക് സിനിമയിലേക്കുള്ള അവസരങ്ങൾ വന്നത്. അന്ന് പക്ഷേ അതേ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ ഒരു ഇഷ്ടം തോന്നുന്നുണ്ട്. അപ്പോഴാണ് പുതിയ ചില അവസരങ്ങൾ വരുന്നത്. ഇതോടെ ഒരു തയ്യാറെടുപ്പുകൾ നടത്തിയതിന് ശേഷം അഭിനയത്തിലേക്ക് ഹരിശ്രീ കുറിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഒരു മേഖലയിലേക്ക് കടന്ന് ചെയ്യുമ്പോൾ ഒന്നും അറിയില്ലാതെ ഇരിക്കുന്നത് ശരിയലല്ലോ. അതുകൊണ്ടാണ് ഒന്ന് തയ്യാറെടുക്കാമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് പരിശീലനത്തിന് പോയത്. ഏത് കലയാണെങ്കിലും അതിലേക്ക് എത്തുന്നതിന് മുൻപ് അതേ കുറിച്ച് പഠിച്ചിരിക്കുന്നത് നല്ലതാണ്. എന്ത് ചെയ്താലും മോശം ആയി പോയി എന്നൊരു അഭിപ്രായം കേൾക്കരുതല്ലോ. പാട്ടിന്റെ കാര്യം നോക്കുകയാണെങ്കിലും അങ്ങനെയാണ്. സംഗീതം അറിയില്ലാത്ത ഒരാളും അത് പഠിച്ചിട്ടുള്ള ആളും പാടുമ്പോൾ വലിയ വ്യത്യാസം ഉണ്ടാകും.
പരിശീലനം നേടി കഴിഞ്ഞാൽ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പിഴവുകൾ മനസിലാക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിന് വേണ്ടിയാണ് ഞാൻ ആക്ടിങ് ട്രെയിനിങ്ങിന് പോയത്. അവിടുന്നുള്ള ചില ഫോട്ടോസ് ഞാൻ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. അഭിനയിക്കാൻ ഇപ്പോൾ ചില അവസരങ്ങൾ വന്നതിന് ശേഷമാണ് ഞാൻ പരിശീലനം നേടിയത്. അൽപം തയ്യാറെടുപ്പിന് ശേഷം അഭിനയിച്ച് തുടങ്ങാം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. ഇനി ഒരു ഓഫർ വന്നാൽ ഒരിക്കലും വിട്ട് കളയില്ല എന്നതും തീർച്ചയാണ് എന്നും താരം പറയുന്നു.