സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം എന്ന ചിത്രം ചെയ്തുകൊണ്ട് പ്രശസ്തനായ ആളാണ്. പ്രേമം, നേരം എന്നീ രണ്ട് ചിത്രങ്ങളിലൂടെ തന്നെ അദ്ദേഹം പേരും പ്രശസ്തിയും നേടി. പ്രേമം എന്ന സിനിമ റിലീസ് ചെയ്തത് മലയാളത്തിലാണെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം വിജയം നേടിയ ചിത്രമായി അത് മാറി. വളരെ വലിയ റീച്ചാണ് സിനിമയ്ക്കും സംവിധായകനും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ലഭിച്ചത്. അതുപോലെ അല്‍ഫോണ്‍സ് പുത്രന്‍ നേരം എന്ന ചിത്രത്തിന് ശേഷം ഒരു സമ്പൂര്‍ണ തമിഴ് ചിത്രം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ മുൻപ് വന്നിരുന്നു. എന്നാൽ ഇപ്പോൾ അത് ഉറപ്പിക്കാനായി സംവിധായകന്‍ എത്തിയിരിക്കുകയാണ്. അല്‍ഫോണ്‍സ് പുത്രന്‍ രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ പോകുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്.
രജനികാന്തിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണം എന്നത് എന്റെ ആഗ്രഹമാണ്. അതിന് വേണ്ടി പ്രേമം ഹിറ്റായ സമയത്ത് അദ്ദേഹത്തെ നേരില്‍ കാണാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അന്ന് എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല. എന്നാല്‍ എന്ത് തന്നെ വന്നാലും ഒരു ദിവസം രജനികാന്തിനെ നായകനാക്കി ഞാന്‍ സിനിമ ചെയ്യും എന്ന ഉറച്ച വിശ്വാസം തനിക്കുണ്ട് എന്ന് അല്‍ഫോണ്‍സ് പറയുന്നു. അതിന്റെ കഥയും തയ്യാറാണ് എന്നാണ് പുത്രന്‍ പറയുന്നത്. താന്‍ പാതി ദൈവം പാതി എന്നാണല്ലോ. അതുകൊണ്ട് എന്റെ പാതി ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. പിന്നീട് രജനികാന്തിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ ശ്രമം നടത്തിയില്ലേ എന്ന് ചോദിച്ചപ്പോള്‍, അപ്പോഴേക്കും ദൈവം കൊവിഡ് 19 വൈറസ് സംബന്ധിച്ച തിരക്കുകളിലായി എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പ്രതികരണം.
പ്രേമം റിലീസ് ചെയ്ത് അഞ്ച് വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ ഇതാ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ നാലാമത്തെ ചിത്രം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. രണ്ട് സിനിമകളും നിവിന്‍ പോളിയെ നായകനാക്കി ഒരുക്കി വിജയം കണ്ട അല്‍ഫോണ്‍സിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. നായികയായി എത്തുന്നത് നയന്‍താരയാണ്. പാട്ട് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.