മലയാളികളുടെ പ്രിയപ്പെട്ട യുവ സംവിധായകരിൽ ഒരാളാണ് അൽഫോൻസ് പുത്രൻ. നേരം പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അൽഫോൻസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. പ്രേമം എന്ന അൽഫോൻസ് ചിത്രം ഉണ്ടാക്കിയ ഓളം ഒന്ന് വേറെതന്നെയായിരുന്നു. അഭിനയത്തിലും എഡിറ്റിംഗിലും സജീവമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. അൽഫാമിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാണ്. വിഷയ്തതിൽ തനിക്കുണ്ടായ സമാനമായ ഒരു അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ ഇപ്പോൾ. പതിനഞ്ച് വർഷം മുമ്പ് ആലുവയിൽ ഒരു കടയിൽ നിന്നും ഷവർമയും മയോണൈസും കഴിച്ച തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടായെന്നും അന്ന് ചികിത്സയ്ക്കു വേണ്ടി വന്നത് 70000 രൂപയാണെന്നും അൽഫോൻസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പതിനഞ്ച് വർഷം മുമ്പ് ആലുവയിലെ ഒരു കടയിൽ നിന്നു ഞാനൊരു ഷവർമയും മയോണൈസും കഴിച്ചു. ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. അടുത്ത ദിവസം കടുത്ത വയറുവേദന. ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സക്കായി 70000 രൂപയാണ് ചെലവാക്കിയത്. എംസിയുവിലായിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണം. ഫുഡ് സേഫ്റ്റി എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം. അതിനു കേരത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്‌പെക്ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം. എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഇണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ്. അതിനൊക്കെ എല്ലാ അപ്പന്മാരും, അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചിലവാക്കുന്നത്.
അതുകൊണ്ടു ഇതിന്റെ കാര്യം ഒരു തീരുമാനം എടുക്കണം. അന്ന് എന്റെ അപ്പനും അമ്മയും, ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും , എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത് . ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ് . അത് പോലെ എല്ലാവർക്കും, എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല എന്നുമാണ് പോസ്റ്റിനു താഴെ കമന്റായി അൽഫോൺസ് കുറിച്ചത്.