7 വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അല്‍ഫോണ്‍സിന്റെ സംവിധാനത്തിന് പുറമേ നായികാനായകന്മാരായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും പൃഥ്വിരാജും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷക ഘടകമാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുന്നു. സിനിമയെ കുറിച്ചോ, സിനിമയുടെ പ്ലോട്ടിനെ കുറിച്ചോ യാതൊരു സൂചനയും നല്‍കാത്ത തരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയിട്ടുള്ളത്. സിനിമയിലെ അഞ്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ടീസര്‍ ചെയ്യുന്നത്.
24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കുന്ന ടീസര്‍ എന്ന റെക്കോര്‍ഡും ഗോള്‍ഡ് സ്വന്തമാക്കി. ഈ വിവരം അറിയിച്ചുകൊണ്ട് അല്‍ഫോണ്‍സ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കേരള ചരിത്രത്തില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എറ്റവും കൂടുതല്‍ വ്യൂസ് ഉള്ള ടീസര്‍ ‘ ഗോള്‍ഡ് ‘. എല്ലാവര്‍ക്കും നന്ദി,’ എന്നാണ് ടീസറിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് അല്‍ഫോണ്‍സ് കുറിച്ചത്.
ഈ പോസ്റ്റിനു താഴെ ഇത് പെയ്ഡ് വ്യൂസ് ആണോയെന്ന കമന്റിന് അല്‍ഫോണ്‍സ് തന്നെ മറുപടിയും നല്‍കിയിരിക്കുകയാണ്. സിനിമ റിലീസ് ആവണ ദിവസം നമുക്ക് നോക്കാം ബോട്ട് പെയ്ഡ് വ്യൂസ് ആണോ എന്ന് ബ്രോ. തിയേറ്ററില്‍ സത്യം അറിയാലോ. ഞാനും റിലീസിനായി കാത്തിരിക്കുകയാണ്, എന്നാണ് അല്‍ഫോണ്‍സ് നല്‍കിയ മറുപടി.