അല്ലു അർജുൻ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പുഷ്പ. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. സിനിമാപ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ വില്ലനായെത്തുന്നത് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത് പുഷ്‍പയില്‍ അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലത്തേക്കുറിച്ചാണ്. തെലുങ്ക് മാധ്യമങ്ങള്‍ പുറത്തിവിട്ട റിപ്പോര്‍ട്ടനുസരിച്ച് പുഷ്‍പയിലെ അഭിനയത്തിന് അല്ലു വാങ്ങുന്ന പ്രതിഫലം 60 മുതല്‍ 70 കോടി രൂപ വരെയാണ്.
അല വൈകുണ്ഠപുരമുലൂ എന്ന കഴിഞ്ഞ ചിത്രത്തിന് 35 കോടിയാണ് അല്ലു വാങ്ങിയിരുന്നതെന്നും അതേ പ്രതിഫലം തന്നെയാണ് പുഷ്‍പയുടെ കരാറിലും ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ചിത്രം രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാന്‍ സംവിധായകന്‍ തീരുമാനിച്ചതോടെ പ്രതിഫലവും ഇരട്ടിയാക്കാന്‍ താരം തീരുമാനിക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍.
പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ഇത്. പ്രതിനായക വേഷത്തിലെത്തുന്നത് ഫഹദ് ഫാസില്‍ ആണ് എന്നതിനാല്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും പ്രത്യേക കൗതുകം സൃഷ്ടിച്ചിട്ടുണ്ട് ചിത്രം. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞുതീര്‍ക്കാന്‍ പ്രയാസമാണെന്നത് ബോധ്യപ്പെട്ടതിനാലാണ് രണ്ട് ഭാഗങ്ങളായുള്ള റിലീസിന് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.