മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. ആര്യ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവനായി മാറി. ഇപ്പോഴിതാ ആര്യ റിലീസ് ചെയ്തിട്ട് 17 വര്‍ഷം പൂര്‍ത്തിയാകുകയാണ്. നടന്‍ എന്ന നിലയില്‍ തന്റെ ഗതി തന്നെ മാറ്റിയ ചിത്രമാണ് ആര്യ എന്ന് അല്ലു അര്‍ജ്ജുന്‍ പറയുന്നു. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രമിലൂടെയും തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രത്തെ കുറിച്ച് അല്ലു അര്‍ജ്ജുന്‍ വാചാലനായി. ഈ സിനിമ നിരവധി ആളുകളുടെ ജീവിതം മാറ്റി മറിച്ചു. ഒരു നടന്‍ എന്ന നിലയില്‍ എന്റെ ഗതി മാറ്റി.
സംവിധായകന്‍ എന്ന നിലയില്‍ സുകുമാര്‍ സാറിന്റെ ജീവിതം തന്നെ മാറ്റി. നിര്‍മാതാവ് എന്ന നിലയില്‍ ദില്‍ രാജു സാറിന്റെയും, സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഡി എസ് പിയുടെയും, ഛായാഗ്രഹകന്‍ എന്ന നിലയില്‍ രത്‌നവേലു സാറിന്റെ, വിതരണക്കാരന്‍ എന്ന നിലയില്‍ ബണ്ണി വാസു സര്‍. അങ്ങനെ പലരുടെയും ജീവിതം മാറ്റി മറിച്ച ചിത്രമാണ്.
ആര്യ എന്ന മാന്ത്രിക ചിത്രം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്നതിന് നന്ദി. ഞങ്ങളുടെയെല്ലാം ജീവിതത്തിലെ നാഴികക്കല്ലായി ആ സിനിമയെ എന്നും വിലമതിക്കും. നന്ദി. എന്നെന്നേക്കും നന്ദി- എന്നാണ് ആര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. പോസ്റ്റിനൊപ്പം ചിത്രത്തിന്റെ ഒരു പോസ്റ്ററും ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ആര്യ എന്ന ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ഹീറോയിസവും കോമഡിയും നിറഞ്ഞ കഥാപാത്രവും അല്ലു അര്‍ജ്ജുന്റെ ഡാന്‍സും എന്നും കൈയ്യടി നേടിയിട്ടുണ്ട്. 2004 ല്‍ റിലീസ് ആയ ആര്യ സുകുമാറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. അനു മേഹ്ത എന്ന നടിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വന്നുവെങ്കിലും ആദ്യത്തെ അത്രയും റീച്ചും അനുഭവവും അതിനുണ്ടായിരുന്നില്ല എന്നാണ് പൊതു അഭിപ്രായം. പുഷ്പ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലാണ് അല്ലു അര്‍ജ്ജുന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ആര്യയുടെ സംവിധായകന്‍ സുകുമാര്‍ തന്നെയാണ് പുഷ്പയുടെയും സംവിധായകന്‍. മലയാളത്തിന്റെ അഭിമാനമായ ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ലൊക്കേഷനില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയതോടെ ഷൂട്ടിങ് നിര്‍ത്തി വച്ചു.