BY AISWARYA
ആമിര്‍ഖാന്റെ മകള്‍ ഐറ ഖാന്‍, ഫാത്തിമ സന ഷെയ്ഖ് തുടങ്ങി പല മുന്‍നിര സിനിമാ താരങ്ങളും കുട്ടിക്കാലത്ത് താന്‍ ലൈംഗീകാതിക്രമത്തിന് ഇരയായ അനുഭവങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പിന്നീട് എത്രത്തോളം ഭയാനകമായി ബാധിച്ചുവെന്നും എങ്ങനെ ഫലപ്രദമായി അവയെ മറികടന്നുവെന്നുമെല്ലാം താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നടന്‍ അക്ഷയ് കുമാറും കുട്ടിക്കാലത്തെ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.
താനും കുഞ്ഞായിരുന്നപ്പോള്‍ ലൈംഗീകമായി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. തനിക്ക് ആറ് വയസുള്ളപ്പോള്‍ ഒരു അയല്‍വാസിയുടെ വീട്ടിലേക്ക് പോകുമ്പോള്‍ ലിഫ്റ്റ് ഓപ്പറേറ്ററില്‍ നിന്നാണ് ലൈംഗീകമായ ചൂഷണം നേരിടേണ്ടി വന്നതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. താന്‍ ശരിക്കും അസ്വസ്ഥനായിയെന്നും അച്ഛനോട് കാര്യം തുറന്ന് പറഞ്ഞതിനാല്‍ പൊലീസില്‍ പരാതി നല്‍കിയെന്നും അതോടെ പൊലീസ് അന്വേഷണം നടത്തി അയാളെ അറസ്റ്റ് ചെയ്തുവെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘പരാതി കൊടുത്തത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. അയാള്‍ക്കെതിരെ മുമ്പും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്റെ മാതാപിതാക്കളോട് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഇന്നും സന്തോഷിക്കുന്നു’ – അക്ഷയ് കുമാര്‍ പറഞ്ഞു.