ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ വലിമൈയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി!

സൂപ്പർ താരം തല അജിത്ത് നായകനായെത്തുന്ന പുതിയ ചിത്രമാണ് വലിമൈ. ആരാധകരുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ഔദ്യോഗിക മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഷൻ പോസ്റ്റർ ഇറങ്ങിയത് ചിത്രത്തിലെ അജിത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കുമായാണ്. പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത് പവർ ഇസ് എ സ്റ്റേറ്റ് ഓഫ് മൈൻഡ് എന്ന കാച്ച് വേഡോട് കൂടിയാണ്. പോസ്റ്റർ നൽകുന്ന മറ്റൊരു സൂചന വലിമൈ ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും എന്നതാണ്.

മോഷൻ പോസ്റ്റർ വീഡിയോ 1.23 മിനുറ്റ് ദൈർഖ്യമുള്ളതാണ്. ചിത്രത്തിന്റെ റിലീസ് ഈ വർഷം തന്നെ ഉണ്ടാകുമെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. തിയേറ്ററുകളിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് വ്യക്തമാണ്. അജിത് യെന്നൈ അറിന്താൻ എന്ന ചിത്രത്തിന് ശേഷം പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് വലിമൈ. നിർമ്മാതാക്കൾ ചിത്രത്തിന്റെ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലുള്ള അജിത്തിനെയാണ് പോസ്റ്ററുകളിൽ കാണാൻ സാധിക്കുന്നത്.

ബോണി കപൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. വിനോദും അജിത്തും ഒരുമിക്കുന്നത് രണ്ടാം തവണയാണ്. വിനോദാണ് അജിത് ചിത്രം നെർക്കോണ്ട പർവൈ സംവിധാനം ചെയ്തത്. 2014ൽ പുറത്തിറങ്ങിയ സതുരംഗ വേട്ടൈ, 2017 ൽ പുറത്തിറങ്ങിയ തീരൻ: അധികാരം ഒൻഡ്ര് എന്നിവയാണ് വിനോദിന്റെ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ. വലിമൈയിൽ ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മകോണ്ട എന്നിവരും വേഷമിടും.

Related posts