തമിഴകത്തിന്റെ തല അജിത് സിനിമാപ്രേമികളുടെ നെഞ്ചിടിപ്പാണ്.
വളരെ ലളിതമായ പെരുമാറ്റ രീതികൊണ്ട് എപ്പൊഴും തന്റെ ആരാധകരെ വിസ്മയിപ്പിക്കുന്ന നടനാണ് അദ്ദേഹം. തന്റെ തികച്ചും സാധാരണമായ പ്രവർത്തികളിലൂടെ അദ്ദേഹം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റേതായി ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ഒരു ഓട്ടോറിക്ഷയിൽ ചെന്നൈ തെരുവുകളിലൂടെ യാത്ര ചെയ്യുന്ന വീഡിയോ ആണ്. വീഡിയോയിൽ മാസ്ക് ധരിച്ച് ഓട്ടോയുടെ പിന്നിലിരുന്ന് പോകുന്ന അജിത്തിനെ കാണാം. മുമ്പ് അദ്ദേഹത്തിന്റെ വാരണാസിയിലെ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
വലിമൈ എന്ന എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഏറെ പ്രതീക്ഷയോടെ തലയുടെ ആരാധകരെല്ലാം കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. മെയ് 1-ന് അജിത്തിന്റെ അമ്പതാം പിറന്നാളിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങൾ ഹുമ ഖുറേഷി, യോഗി ബാബു, സുമിത്ര എന്നിവരാണ്. ഓഗസ്റ്റിൽ വലിമൈ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.