ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് മായാനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി തിളങ്ങി നിൽക്കുകയാണ് ഐശ്വര്യ. ഏറ്റവും ഒടുവിൽ താരം അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഇപ്പോഴിതാ കൂടെ അഭിനയിച്ച അഭിനേതാക്കളിൽ തന്നെ സ്വാധീനിച്ച വ്യക്തിയെക്കുറിച്ച് പറയുകയാണ് നടി. കാണെക്കാണെ എന്ന ടൊവിനോ ചിത്രത്തിൽ സൂരാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തെക്കുറിച്ചാണ് ഐശ്വര്യ പറഞ്ഞത്. മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സുരാജിന്റെ അഭിനയത്തെക്കുറിച്ച് താരം പങ്കുവെച്ചത്.
കാണെക്കാണെ എന്ന സിനിമയിൽ സുരാജേട്ടന്റെ ഫസ്റ്റ് സീൻ എടുക്കുകയായിരുന്നു. ഞാനും സുരാജേട്ടനുമായുള്ള ഫസ്റ്റ് സീനായിരുന്നു. പരിചയമില്ലാത്ത ആളുകളാണെങ്കിലും എന്റെ കഥാപാത്രം സുരാജേട്ടന്റെ കഥാപാത്രത്തെ പപ്പ എന്നാണ് വിളിക്കുന്നത്. ഒന്നര വർഷമായിട്ട് പേരക്കുട്ടിയെ കാണാത്ത അപ്പുപ്പനാണ് സുരാജേട്ടൻ. ആ ഒരു സീനിൽ പേരക്കുട്ടിയെ എങ്ങനെ വേണെങ്കിലും പരിചയപ്പെടാവുന്നതാണ്. സിമ്പിളായി അറിയുമോയെന്ന് വേണമെങ്കിൽ ആ സീനിൽ ചോദിക്കാം. കുട്ടിയോടായതുകൊണ്ട് കൊഞ്ചിച്ചു വരെ ആ സീനിൽ അദ്ദേഹത്തിന് ചോദിക്കാൻ കഴിയും. പക്ഷേ അദ്ദേഹമതിൽ എന്തൊക്കെയോ വേദനകൾ പിടിച്ച് നിർത്തിയാണ് സംസാരിച്ചത്.
എനിക്ക് അത് ഭയങ്കര രസമായിട്ട് തോന്നി. അവിടെ നിന്ന് ഞാൻ വിചാരിച്ച പോലെയൊന്നുമല്ല അദ്ദേഹം ആ സീൻ അഭിനയിച്ചത്. എങ്ങനെയാണ് ആ സീൻ ഇമോഷണലായി ചെയ്തതെന്ന് ഞാൻ സുരാജേട്ടനോട് ചോദിച്ചിരുന്നു. കാരണം കണ്ണെല്ലാം കലങ്ങി വളരെ വേദനയോടെയാണ് സുരാജേട്ടൻ ആ സീൻ ചെയ്തത്. അതിനായി ഗ്ലിസറിൻ പോലും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. എനിക്ക് അത് പറഞ്ഞു തരുകയും ചെയ്തു. അതെല്ലാം ഓരോഭാഗത്തെ കഥയും ഉള്ളിലേക്ക് കണ്ടാണ് ചെയ്തതെന്ന് സീൻ വെച്ചുകൊണ്ട് എനിക്ക് പറഞ്ഞു തന്നു. പിന്നെ എന്റെ പല സീൻസിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഉൾകൊണ്ടുകൊണ്ട് ഞാൻ ചെയ്യ്തു, ഐശ്വര്യ പറഞ്ഞു.