ജീവിതത്തിലെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍ പ്രായം തടസമാകരുത്. അവസാന ശ്വാസം വരെ ഇഷ്ടമുള്ളതു പോലെ ജീവിയ്ക്കുക. കാരണം ജീവിതം ഒരിക്കല്‍ മാത്രമേ ഉള്ളൂ. 103 വയസ്സുള്ള ഈ മുത്തശ്ശി പറയുന്നതും ഇതു തന്നെ. ഒരു ടാറ്റൂ ചെയ്തൂടേയെന്ന് പൊള്ളാക് മുത്തശ്ശിയോട് കൊച്ചു മകന്‍ ഏറെ നാളായി ചോദിക്കുന്നുണ്ടായിരുന്നു. അന്നൊന്നും മുത്തശ്ശിയ്ക്ക് അങ്ങനെയൊരു ആഗ്രഹം തോന്നിയിരുന്നില്ല.എന്നാല്‍ കോവിഡും ലോക്ക്ഡൗണും മുത്തശ്ശിക്ക് ജീവിതം എത്ര അനുഗ്രഹീതമാണെന്ന് തെളിയിച്ചു.
ഒടുവില്‍ ഒരു ടാറ്റൂ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു പൊള്ളാക് മുത്തശ്ശിയുടെ 103-ാം ജന്മദിനം. മിഷിഗണിലെ നഴ്‌സിങ് ഹോമില്‍ കുടുംബാംഗങ്ങള്‍ക്കും അന്തേവാസികള്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പം സന്തോഷത്തോടെ ജന്മദിനം ആഘോഷിച്ചു. ജീവിതത്തില്‍ ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നു കരുതിയിരിക്കുകയായിരുന്നു മുത്തശ്ശി.മാസങ്ങളോളം ജയിലില്‍ കഴിയുന്നതിന് സമാനമായിരുന്നു മുത്തശ്ശിയുടെ ജീവിതമെന്ന് പൊള്ളാക്കിന്റെ കൊച്ചു മകള്‍ തെരേസ സാവിറ്റ്‌സ് ജോണ്‍സ് പറയുന്നു.
കടുത്ത ഡിപ്രഷനിലായിരുന്നു മുത്തശ്ശി. മാസങ്ങളോളം ആരോടും മിണ്ടാതെയായിരുന്നു മുത്തശ്ശിയുടെ ജീവിതം.കോവിഡ് ലോക്ക്ഡൗണില്‍ ഇളവ് വന്നതോടെ മക്കളേയും കൊച്ചു മക്കളേയും മുത്തശ്ശി കണ്ടപ്പോള്‍ ആദ്യം പറഞ്ഞത് തന്റെ പുതിയ ആഗ്രഹത്തെ കുറിച്ചായിരുന്നു. ‘ഒരു ടാറ്റൂ വേണം’ – മുത്തശ്ശി കൊച്ചു മക്കളോട് പറഞ്ഞു. ടാറ്റൂ ചെയ്യേണ്ടത് എന്താണെന്നോ….ഒരു കുഞ്ഞി തവളയെ. ഇതോടെ തവളകളെ ഇഷ്ടമുള്ള മുത്തശ്ശി കൈയ്യില്‍ കിടിലന്‍ ഒരു തവളയെ തന്നെ ടാറ്റൂ കുത്തി. ഇപ്പോള്‍ ആകെ സന്തോഷത്തിലാണ് മുത്തശ്ശി.