BY AISWARYA
തസ്കരന് മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന കൃതിയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട മണിയന്‍പിള്ള, അടുത്തിടെ ബിഹൈന്‍ഡ് വുഡ് ഐസിനു നല്കിയ അഭിമുഖം വിവാദമാകുന്നു. മോഷണകാലത്ത് 22 വയസിനടുത്ത് പ്രായമുള്ള യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് അഭിമുഖത്തില്‍ മണിയന്‍പിളള പറഞ്ഞത്. അഭിമുഖം പുറത്തുവന്നതോടെ, ചാനലിനും അഭിമുഖത്തിനുമെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിഹൈന്‍ഡ് വുഡ്സ് അഭിമുഖത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വീഡിയോയിലെ ഉള്ളടക്കം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അഭിമുഖം പ്രസിദ്ധീകരിച്ച ബിഹൈന്‍ഡ് വുഡ്സിനോട് ‘ഷെയിം ഓണ്‍ യു’ എന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പാര്‍വതി തിരുവോത്ത് കുറിച്ചു. പ്രതിഷേധം കനത്തതോടെ യൂട്യൂബ് ചാനലില്‍ നിന്ന് ഇവര്‍ ഈ അഭിമുഖം പിന്‍വലിച്ചിട്ടുണ്ട്.
ഒരു പെണ്ണിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെയാണ് ഇരുന്ന് പുകഴ്ത്തുന്നതെന്നും റേപ്പിനെ ലാഘവത്തോടെ സമീപിച്ച ചാനലിനെതിരെ നടപടി വേണമെന്നും ആവശ്യമുയരുന്നു. വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ മണിയന്‍പിള്ളയ്ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന് ഉത്തരവിട്ടു.’വീടുകളില്‍ കയറുമ്പോള്‍ സുന്ദരികളായ സ്ത്രീകളുണ്ടാകും, അവര്‍ ചിലപ്പോ രാത്രി ഉറങ്ങുന്നത് നൈറ്റ് ഡ്രസിലോ വിവസ്ത്രരായോ ആവും, അത്തരം അനുഭവത്തിലൂടെ പോകുമ്പോള്‍ ടെംപ്റ്റേഷനോ ആകര്‍ഷണമോ ഉണ്ടായിട്ടുണ്ടോ’ എന്നായിരുന്നു അഭിമുഖം നടത്തിയ അവതാരകന്റെ ചോദ്യം.
ഇതിനായിരുന്നു താന്‍ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ചിട്ടുണ്ടെന്ന് മണിയന്‍പിള്ള വീമ്പു പറയുന്നത്.കഴുത്തില്‍ കത്തി വച്ച് മിണ്ടിയാല്‍ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ആക്രമിച്ചതെന്ന് മണിയന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്. ഈയൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂ എന്നാണ് മണിയന് പിള്ള പറയുന്നത്. റേപ്പ് വിവരണത്തിന് തുടര്‍ച്ചയായി പിന്നീട് ഇവരെ കണ്ടിട്ടുണ്ടോ എന്നും ഇന്റര്വ്യൂവര് ചോദിക്കുന്നു.
അഭിമുഖത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. റേപ്പിനെ മഹത്വവല്‍ക്കരിക്കുന്ന രീതിയില്‍ ‘ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വര്‍ണനിറമുള്ള 22കാരി, അവളെ ഞാന്‍..’ എന്ന തമ്പ് നെയിലിനൊപ്പം നൈറ്റ് ഡ്രസില്‍ ഒരു യുവതിയുടെ ഫോട്ടോ കൂടി മങ്ങിയ പശ്ചാത്തലത്തില്‍ നല്‍കിയാണ് ബിഹൈന്‍ഡ് വുഡ്സ് ഈ വീഡിയോ പങ്കുവെച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ ഇത് നീക്കം ചെയ്യുകയായിരുന്നു.