വർഷങ്ങളായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ മികച്ച കഥാപാത്രങ്ങളുമായി തിളങ്ങി നിൽക്കുന്ന നടിയാണ് രശ്മി ബോബൻ. രശ്മിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് അച്ചുവിന്റെ അമ്മ, രാപ്പകൽ, വിനോദയാത്ര തുടങ്ങിയവ. രശ്മി വിവാഹം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു. അസ്സോസിയേറ്റ് സംവിധായകനായി പെയ്തൊഴിയാതെ എന്ന സിനിമയിൽ ബോബൻ സാമുവേൽ പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും വിവാഹിതരാകുന്നത് കുറച്ചു നാളത്തെ പ്രണയത്തിനു ശേഷമാണ്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണ്. താരം തങ്ങളുടെ ഓണാഘോഷത്തെക്കുറിച്ച് പറയുകയാണ് ഇപ്പോൾ.
വാക്കുകൾ, സിനിമ-സീരിയൽ ഫീൽഡിൽ വന്നതിന് ശേഷം ഒന്നിലേറെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. ലൊക്കേഷനിൽ എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് വലിയ സന്തോഷമാണ്. ലൊക്കേഷനുകളിൽ എല്ലാവരും കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഓണം മാത്രമല്ല, ആഘോഷിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും തന്നെ ഞങ്ങൾ വിട്ട് കളയാറില്ല. വീട്ടിൽ ഞാനും ഭർത്താവ് ബോബൻ സാമുവലും വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉള്ളവർ ആയതിനാൽ ഓണവും ക്രിസ്തുമസും ഈസ്റ്ററും വിഷുവുമെല്ലാം ആഘോഷിക്കും. ഇരുകുടുംബങ്ങളും അതിൽ പങ്കുചേരും. മതം ഞങ്ങളുടെ വീട്ടിൽ വിഷയമല്ല. കുട്ടികളോട് പറയാറുള്ളത് നല്ല മനുഷ്യരായി ജീവിക്കണം എന്നാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിന് മതം ആവശ്യമില്ല.
ഇന്ന് കാലം മാറി. പൂക്കളും ഓണസദ്യയുമെല്ലാം പൈസ കൊടുത്ത് വാങ്ങുന്ന സാഹചര്യമാണ്. അണുകുടുംബങ്ങൾ ആയതോടെ ഉണ്ടായ മാറ്റമാണിത്. അതാരുടെയും കുറ്റമല്ല. ജീവിത സാഹചര്യങ്ങൾ മാറുന്നതോടെ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. മിക്കവാറും വീടുകളിൽ സ്ത്രീകൾ തന്നെയായിരിക്കും എല്ലായിപ്പോഴും അടുക്കളയിൽ. ഓണത്തിന് അവധിയെടുക്കാം എന്ന് അവർ തീരുമാനിച്ചാൽ തെറ്റ് പറയാൻ ആകില്ലല്ലോ. അടുക്കളയിൽ സ്ത്രീയും പുരുഷനും തുല്യമായി ഉത്തരവാദിത്തങ്ങൾ പങ്കിട്ടാൽ ഓണം പൈസ കൊടുത്ത് വാങ്ങേണ്ടതില്ല.