അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ! വിവാദത്തിൽ പ്രതികരിച്ച് മുക്ത!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മുക്ത. ഒറ്റ നാണയം എന്ന ചിത്രത്തിലൂടെയാണ് മുക്ത മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ അച്ഛനുറങ്ങാത്ത വീട്, നസ്രാണി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. താമരഭരണി എന്ന തമിഴ് ചിത്രത്തോടെ മുക്ത തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കും സുപരിചിതയായി മാറി. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മുക്ത വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. മിനി സ്‌ക്രീനിൽ താരം സജീവമാണ്. കൂടത്തായി എന്ന ടെലിവിഷൻ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മുക്ത കാഴ്ച വച്ചത്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു അഭിമുഖത്തിൽ മുക്ത പറഞ്ഞ വാക്കുകളാണ് ഏറെ ചർച്ചയാകുന്നത്.

അഞ്ചു വയസുകാരി കിയാരയ്ക്കൊപ്പമായിരുന്നു മുക്ത ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നൽകിയ ഉത്തരമാണ് വിവാദമായത്. അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്, എന്നു മുക്ത മറുപടി പറഞ്ഞു. ഇതെന്താ ബാലവേലയാണോ എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ. ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ, എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്.

വിമർശനങ്ങൾക്ക് മറുപടിയുമായി മുക്ത എത്തിയിരിക്കുന്നു. മുക്തയുടെ നിലപാടിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ കമന്റുകളുമായെത്തിയിരുന്നു. ഔദ്യോഗിക പേജിലും ഇത്തരം കമന്റുകൾ വ്യാപകമായതോടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ. ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ. ഒരുപാടു പേർ നമ്മളെ വിട്ടു പോയി. പിഞ്ചു കുഞ്ഞുങ്ങൾ അടക്കം. അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ,മുക്ത കുറിച്ചു.

Related posts