മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടംകൂടി! നടൻ റിസബാവ അന്തരിച്ചു!

പ്രമുഖ മലയാള ചലച്ചിത്രതാരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവ അന്തരിച്ചു. റിസ ബാവയെ മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്ത്യം സംഭവിച്ചത് ഇന്നാണ്. താരം എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്. റിസബാവ മലയാള സിനിമയിൽ ശ്രദ്ധേയനായത് 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെ ആണ്.

നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ൽ തന്നെ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായി എന്ന വില്ലൻ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി.

പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.

Related posts