വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നിവിൻ പോളി. സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം നേടുവാൻ താരത്തിന് വളരെ പെട്ടെന്ന് തന്നെ സാധിച്ചു. പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയ്ക്ക് മലയാളത്തിലേതു പോലെ തന്നെ തമിഴിലും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. ആ ആരാധകശക്തി മുന്നിൽ കണ്ടാണ് റിച്ചി എന്ന ഒരു മുഴുനീള തമിഴ് ചിത്രത്തിൽ നിവിൻ നായകനായതും. എന്നാൽ നിർഭാഗ്യവശാൽ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല എന്ന് വേണം പറയാൻ. ഇതോടെ നിവിന്‍ തമിഴ് സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ നാല് വര്‍ഷത്തിന് ശേഷം നിവിന്‍ തന്റെ അടുത്ത തമിഴ് ചിത്രത്തെ കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
2019 മമ്മൂട്ടിയെ നായകനാക്കി പേരന്‍പ് എന്ന ചിത്രം സംവിധാനം ചെയ്ത ദേശീയ പുരസ്‌കാര ജേതാവ് കൂടെയായ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ അടുത്തതായി അഭിനയിക്കുന്നതത്രെ. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നുമാണ് കേള്‍ക്കുന്നത്.
റിച്ചിയ്ക്ക് വലിയ വിജയം ലഭിച്ചില്ലെങ്കിലും, തമിഴ് പ്രേക്ഷകർക്കിടയില്‍ നിവിന്‍ പോളിയ്ക്കുള്ള സ്വീകാര്യത ഇപ്പോഴും ഒരു തരിപോലും കുറഞ്ഞിട്ടില്ല. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവ് ഉണ്ടാവും എന്നാണ് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്. റാം എന്ന സംവിധായകന്റെ വ്യത്യസ്ത സംവിധാന മികവ് തന്നെയാണ് ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നത്. മഹാവീര്യര്‍ എന്ന എബ്രിഡ് ഷൈൻ ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ നിവിന്‍ പോളി. രാജീവ് രവി ചിത്രം തുറമുഖവും പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ്.