മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഇന്നസെന്റ്. ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ മുൻനിര ഹാസ്യ താരമായി താരം മാറുകയും ചെയ്തിരുന്നു. നടൻ എന്നതിലുപരി മുൻ പാർലമെന്റ് മെമ്പർ കൂടിയാണ് താരം. ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് പറയുകാണ് ഇന്നസെന്റ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പറഞ്ഞ ഇന്നസെന്റ് പെൺകുട്ടിക്ക് നീതിലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും കോഴിക്കോട്ട് പറഞ്ഞു. ‘അയാൾ തെറ്റ് ചെയ്‌തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാൻ പൊലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്. ഇന്നസെന്റല്ല. ഞാനതിൽ ശരിയോ, തെറ്റോ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ ?’- ഇന്നസെന്റ് ചോദിക്കുന്നു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.