മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. പ്രേക്ഷകരെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല മറ്റ് കഥാപാത്രങ്ങളിലൂടെയും ഇന്ദ്രൻസ് മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നല്ല ഒരു നടനെന്നതിലുപരി അദ്ദേഹം നല്ല ഒരു മനുഷ്യൻ കൂടിയാണ്. അതുകൊണ്ട് തന്നെ സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും ഇന്ദ്രൻസ് വളരെ പ്രിയപ്പെട്ടവനാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് ഹോം. ആമസോൺ പ്രൈമിൽ ഓഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്തത്.
മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരുഗദോസ് ഉൾപ്പെടെ നിരവധി പേർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നാൽപ്പതുവർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഇന്ദ്രൻസ് എന്ന നടനെ വേറൊരു കളറിലാണ് സിനിമയിൽ കാണുന്നത്. ഇപ്പോളിതാ താൻ നായകൻ ആണെന്ന് അറിയുമ്പോൾ നടിമാർ സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചിരുന്നതിനെ കുറിച്ച് തുറന്നുപറയുകയാണ് ഇന്ദ്രൻസ്.
താനാണ് നായകനെന്ന് അറിഞ്ഞപ്പോൾ മാറി നിന്ന നായികമാരുണ്ട്. ഒരിക്കലും ആ നടിമാരെ കുറ്റം പറയില്ല. ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തലവെക്കില്ലല്ലോ?ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജിൽ വെച്ച് ഷാരൂഖ് ഖാൻ എടുത്തുയർത്തി എന്നു പറയാനാണോ ഇന്ദ്രൻസ് എടുത്തുയർത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക.
ആ വ്യത്യാസമുണ്ടല്ലോ, അതാണ് വ്യത്യാസം. ഈ മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും തനിക്ക് പുത്തരിയല്ല. ചില സിനിമകളുടെ ക്ലൈമാക്സ് സീനിൽ നിന്ന് മാറ്റി നിർത്തിയ അനുഭവമുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. പിന്നീടാണ് അതിന്റെ യാഥാർത്ഥ്യം തനിക്ക് മനസിലായത്. അതുവരെ കോമാളി കളിച്ച് തലകുത്തി നിൽക്കുന്ന കഥാപാത്രങ്ങളായിരിക്കും തന്റേത്. അങ്ങനെ ഒരു വളർച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്സ് സീനിൽ കയറി നിന്നാൽ അതിന്റെ ഗൗരവം നഷ്ടമാകും. അത് സിനിമയെ ബാധിക്കും. ഇതു മനസിലാക്കിയതോടെ താൻ തന്നെ സംവിധായകനോട് പറഞ്ഞു ഈ സീനിൽ താൻ നിൽക്കാതിരിക്കുന്നതല്ലേ നല്ലത് എന്നും ഇന്ദ്രൻസ് പറയുന്നു.