മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ശോഭന. മലയാളികൾക്ക് എന്നെന്നും കണ്ട് ആസ്വദിക്കാനായി ഒരുപാട് നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. അഭിനേത്രിയായി മാത്രമല്ല നർത്തകിയായും ശോഭന പ്രശസ്തയാണ്. അഭിനയരംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നൃത്തം എന്നും താരത്തിന് പ്രിയപ്പെട്ടതാണ്. സിനിമയിൽ നിന്നും താരം ഒരു വലിയ ഇടവേള എടുത്തിരുന്നു. ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ കൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് ശോഭന നടത്തിയത്. ഇപ്പോൾ നൃത്തവും മകള്‍ അനന്തനാരായണിയുമാണ് ശോഭനയുടെ ലോകം എന്ന് തന്നെ പറയാം. ഇപ്പോഴിതാ തന്റെ മകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശോഭന. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകളെക്കുറിച്ചും തന്നിലെ അമ്മയെക്കുറിച്ചുമൊക്കെ ശോഭന മനസ് തുറന്നിരിക്കുന്നത്.
നാരായണി അമ്മയുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ‘അടുത്തിടെയാണ് നാരായണി കണ്ടത്. അമ്മാ വാട്ട് ആര്‍ യു ഡൂയിങ്, അവള്‍ക്കത് കണ്ട് അമ്പരപ്പാണ്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുചിരിയോടെ പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമ അവള്‍ക്ക് ഇഷ്ടമായില്ല. അതില്‍ എനിക്ക് ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദര്‍ശന്‍. എന്റെ കാര്യത്തില്‍ മകള്‍ കുറച്ച് പൊസസീവ് ആണ്’ ശോഭന പറയുന്നു.
നാരായണിക്ക് മൂന്ന് വയസുള്ളപ്പോഴാണ് ശോഭന തിര എന്ന സിനിമ ചെയ്യുന്നത്. തിയറ്ററില്‍ അവളുടെയൊപ്പമാണ് ശോഭന സിനിമ കണ്ടത്. സ്‌ക്രീനില്‍ ശോഭനയെ കണ്ടതും അവള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാല്‍ ശോഭനയുടെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. മണിച്ചിത്രത്താഴ് നാരായണിക്ക് ഇഷ്ട്ടപെട്ടു.
ശോഭന മകളോട് കര്‍ക്കശക്കാരിയാണോ എന്ന ചോദ്യത്തിന് അത്യാവശ്യം എന്നായിരുന്നു ശോഭനയുടെ മറുപടി. ‘മകളുടെ സ്‌കൂളില്‍ നിന്നു ഫോണ്‍ കോള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാന്‍. അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാന്‍ പേടിക്കും. അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി. ചെന്നൈയില്‍ ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മേരീസിൽ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം’ ശോഭന പറഞ്ഞു. ‘ഞാന്‍ പറയുന്നതിന്റെ എതിരേ ചെയ്യൂ, അതാണല്ലോ പ്രായം. അതുകൊണ്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യേണ്ട എന്നെ ഞാന്‍ പറയാറുള്ളൂ. അപ്പോഴത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. ഇപ്പോഴും അവളെനിക്ക് ചെറിയ കുട്ടിയാണ്. ഞാന്‍ കൂട്ടുകാരൊത്തു ഒരുമിച്ചു കൂടുമ്പോള്‍ കൂടെ കൊണ്ടു പോകാറുണ്ട്’ ശോഭന പറയുന്നു.
‘അമ്മയെ പോലെ മകള്‍ക്കും നൃത്തത്തില്‍ താല്‍പര്യമുണ്ടോ? എന്ന ചോദ്യത്തിനു താരം പറഞ്ഞത് ഇങ്ങനെ. ‘കഴിഞ്ഞ മാസം അവള്‍ എന്റെയടുത്തു വന്നു പറഞ്ഞു എനിക്ക് നൃത്തം പഠിക്കണം. അതുവരെ വിളിച്ചാല്‍ വരും എന്നല്ലാതെ അത്ര താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. നിര്‍ബന്ധിക്കാനും എനിക്ക് ഇഷ്ടമില്ല. നിനക്ക് പഠിക്കണം എന്ന് തോന്നുമ്പോള്‍ വരൂ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഗൗരവമായി നൃത്തപഠനം തുടങ്ങിയിരിക്കുകയാണ്’ ശോഭന പറയുന്നു. മകളെ മാധ്യമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചും ശോഭന പ്രതികരിച്ചു. ‘എന്തിന് ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം? അവള്‍ സാധാരണ കുട്ടിയാണ്, അത്രമാത്രം’ ശോഭന പറഞ്ഞു.