അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. ചുരുങ്ങിയ ചിത്രങ്ങൾ മാത്രം ചെയ്തുകൊണ്ട് മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാകാൻ പെപ്പെ എന്നറിയപ്പെടുന്ന ആന്റണി വർഗീസിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം വിവാഹിതനായിരിക്കുകയാണ്. ആരാധകർ വളരെ സന്തോഷത്തോടെയാണ് ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നത്. ആറ് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവിലാണ് വിവാഹം നടക്കുന്നത്.
സ്കൂള്‍കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും. അനീഷ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ്. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന്‍ ഉണ്ടാകും. ഇപ്പോൾ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അടുത്തിടെയാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റേയും ഹല്‍ദി ചടങ്ങുകളുടെയും ചിത്രങ്ങൾ ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അജഗജാന്തരം, ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം എന്നീ ചിത്രങ്ങളാണ് ആന്റണിയുടേതായി ഇനി വരാനിരിക്കുന്നത്.