ബോഡി ഷെയ്മിങിന് എതിരെ അഭിരാമി!

അഭിരാമി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിൽ ഉൾപ്പടെ നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം സിനിമയിൽ നിന്നും ഇടവേള എടുത്തിട്ടിരുന്നു. ശേഷം ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാണ് താരം. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുകയാണ് നടി. ഇപ്പോള്‍ ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി.

നമ്മുടെ നാട്ടില്‍ ഒരാളെ ദിവസങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ സ്വാഭാവികമായി പറയുന്ന കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ അയാളെ എത്രമാത്രം വേദനിപ്പിക്കുമെന്ന് അറിയാമോ എന്ന് അഭിരാമി ചോദിക്കുന്നു. കഴിഞ്ഞ ദിവസം തന്നെ കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവനെച്ച് അഭിരാമി രംഗത്ത് എത്തിയിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പല മാറ്റങ്ങള്‍ വന്നു, വയസ്സായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്.

വാര്‍ത്തയ്‌ക്കൊപ്പം പങ്കുവച്ച ചിത്രങ്ങള്‍ രണ്ടിലും തനിക്ക് ഒരേ ആത്മവിശ്വാസമാണുള്ളതെന്നും എന്തുമാറ്റമാണ് ഉള്ളതെന്നും അഭിരാമി ചോദിച്ചു. സംഭവം വന്‍ ചര്‍ച്ചയായതോടെ വാര്‍ത്ത നല്‍കിയവര്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തു. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നതിന് പകരം ശരീരത്തെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നതെന്നും അഭിരാമി ചോദിച്ചു.

 

Related posts