ഒരു നേരമെങ്കിലും വിശപ്പ് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മനുഷ്യൻറെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ പ്രധാനി തന്നെയാണ് ആഹാരവും. എന്നാൽ ഇന്നും പട്ടിണി അനുഭവിക്കുന്നവർ നമ്മുക്ക് ഇടയിൽ ഉണ്ട്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായി മാറിയ ഒരാൾ ഉണ്ട് അബ്ദുൽ ഖാദർ.
തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ അബ്ദുൽ ഖാദർ എന്ന പ്രവാസി വ്യവസായിയുടെ ഞാവേലിപറമ്പിൽ എന്ന വീടിൻ്റെ മതിൽ പൊളിച്ചു പണിതൊരു വലിയൊരു അലമാര ഉണ്ട്.വിശക്കുന്നവർക്ക് അന്നം നൽകുന്നൊരു അക്ഷയപാത്രം. അതിനുള്ളിൽ ഉച്ച ഭക്ഷണ പൊതികൾ ഉണ്ടാകും. വിശക്കുന്നവർക്ക് അതിൽ നിന്നെടുത്തു കഴിക്കാം.അലമാര കാലിയാകുന്നതനുസരിച്ചു വീണ്ടും ആഹാരം നിറഞ്ഞുകൊണ്ടിരിക്കും. കോവിഡ് എന്ന മഹാമാരിക്ക് മുൻപ് ഈ അലമാരയിൽനിന്നും ഒരു ദിവസം അൻപത് പേരുവരെ ആഹാരം കഴിച്ചിട്ടുണ്ടാകും. കുടിവെള്ളം ഉൾപ്പടെ ഒരാൾക്ക് ഒരു പൊതിയാണ് ഇവിടെ നിന്നും ലഭിക്കുക.നന്മയുടെ ഈ പൊതിയിൽ വൈകിട്ടും കഴിക്കുവാനുള്ള അളവിൽ ചോറും അച്ചാറും ഉൾപ്പടെയുള്ള ആഹാരം കരുതിയിട്ടുണ്ടാകും.
മുപ്പത്തെട്ട് വർഷത്തെ പ്രവാസ ജീവിതം നയിച്ച ആളാണ് അബ്ദുൽ ഖാദർ. ഒമാനിൽ വാഹന സംബന്ധമായാ ബിസിനസ്സ് നടത്തിയിരുന്ന അബ്ദുൽ ഖാദർ ഏതാനം വർഷങ്ങൾക്ക് മുൻപാണ് നാട്ടിലേക്ക് മടങ്ങി എത്തിയത്. വിശപ്പിൻറെ വില അറിഞ്ഞത്കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു ആശയം ഉണ്ടായതെന്നും അബ്ദുൽ ഖാദർ പറയുന്നു. ഗാന്ധിയൻ ആദർശങ്ങൾ പിൻതുടർന്നിരുന്ന അച്ഛനും അമ്മയും വിശപ്പിൻറെ വിലയറിഞ്ഞു മറ്റുള്ളവർക്ക് അന്നം ഊട്ടിയിരുന്നവരായിരുന്നു. അതുതന്നെയാണ് അബ്ദുൽ ഖാദറിന് പ്രചോദനമായിരുന്നതും. ഇങ്ങനെ ഒരാശയം മുന്നോട്ട് വച്ചപ്പോൾ ഭാര്യയായ സുനിതയും അബ്ദുൽ ഖാദറിനെ സപ്പോർട്ട് ചെയ്തു. സുനിത തന്നെയാണ് ആഹാരം പാകം ചെയ്യുന്നതും. നന്മ നിറഞ്ഞ ഫുഡ് ബാങ്കിന് കുടുംബങ്ങളെ പോലെ നാട്ടുകാരും സപ്പോർട്ട് ആണ്.