ജീവിതത്തിലെ സങ്കടത്തിലും സന്തോഷത്തിലും പരസ്പരം മനസിലാക്കിയും പിന്തുണ നല്‍കിയും ഞങ്ങള്‍ ഒരുമിച്ച്‌ സഞ്ചരിച്ചു! വിവാഹവാർഷികം ആഘോഷമാക്കി ആശ ശരത്.

ആശ ശരത് മലയാള സീരിയൽ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് സീരിയലിലൂടെയാണ്. നർത്തകിയായ ആശ ശരത് റേഡിയോ ജോക്കിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്ക് വലിയൊരു എന്‍ട്രി ലഭിച്ച നടിയാണ് ആശ ശരത്ത്. ഇതിനോടകം മലയാള സിനിമയിലെ മുന്‍നിര നടന്മാരോടൊപ്പം ആശ അഭിനയിച്ചുകഴിഞ്ഞു. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ആശയ്ക്ക് സാധിച്ചിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിലും സജീവമായുണ്ട്. ഇപ്പോഴിതാ തന്റെ ഇരുപത്തിയൊന്‍പതാം വിവാഹവാർഷികത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് നടി. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്.

‘ജീവിതം ഒരു ആഘോഷം തന്നെയാണ്. ഞങ്ങളുടെ ഇരുപത്തിയൊന്‍പതാമത്തെ വിവാഹ വാര്‍ഷികം എന്റെ പ്രിയപ്പെട്ടവനൊപ്പം സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ വച്ച്‌ ആഘോഷിക്കുകയാണ്. ജീവിതത്തിന്റെ നല്ലതും മോശവുമായ കാലത്തും സങ്കടത്തിലും സന്തോഷത്തിലും വേദനയിലും പരസ്പരം മനസിലാക്കിയും പിന്തുണ നല്‍കിയും ഞങ്ങള്‍ ഒരുമിച്ച്‌ സഞ്ചരിച്ചു. ഞങ്ങളുടെ ജീവിതത്തില്‍ എപ്പോഴും പിന്തുണയുമായി നിന്ന സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രത്യേക നന്ദിയും സ്‌നേഹവും അറിയിക്കുകയാണ്.’ എന്നും ആശ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് ശരത്തിനെ കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന പ്രണയാതുരമായ ഫോട്ടോസാണ് ഇതിനൊപ്പം നടി നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും.

ഇനിയും മുന്നോട്ട് ഇതുപോലെ തന്നെ സന്തുഷ്ടമായി ജീവിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ തന്റെ വിവാഹം കഴിഞ്ഞുവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ആശ പറഞ്ഞിരുന്നു. ശരത്തേട്ടന്‍ നല്ല ലോകപരിചയമുള്ള വ്യക്തിയാണ്. ഒരു കൊച്ചു കുട്ടിയോടെന്ന പോലെയാണ് എനിക്കെല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞ് തന്നിരുന്നത് എന്നും ആശ ശരത് പറയുന്നു.

Related posts