സോഷ്യൽമീഡിയയിലടക്കം സ്ത്രീധന വിഷയത്തിന്മേലുള്ള സംവാദങ്ങള്‍ കൊഴുക്കുന്ന കാലമാണ് ഇത്. സ്ത്രീധനത്തിനെതിരെ നിരവധിപേരാണ് ഇതിനകം രംഗത്തുവന്നത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ആറാട്ടിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്ന് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.
മക്കളേ നിങ്ങള്‍ വിഷമിക്കണ്ടാട്ടാ, നിങ്ങടെ എല്ലാകാര്യത്തിനും കട്ടക്ക് ഈ ഗോപേട്ടനുണ്ട്, നിങ്ങളീ മെമ്പർമാരോട് പറഞ്ഞാ നിങ്ങക്ക് കല്യാണം വേണ്ട പഠിപ്പ് മുഴുമിപ്പിക്കണം, സ്വന്തം കാലീ നിക്കണമെന്നൊക്കെ, അപ്രീസിയേഷൻ ആണ് കേട്ടാ, പെണ്ണ്ങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത്, അതാണ് പൊളിറ്റിക്കലി കറക്ട്’, എന്ന് മോഹൻലാൽ പറയുന്ന ചിത്രത്തിലെ ഒരു രംഗമാണ് പങ്കുവെച്ചിരിക്കുന്നത്. തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല, സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്. സേ നോ ടു ഡവ്റി എന്ന നരേഷനും രംഗത്തിന് ശേഷമുണ്ട്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന നെയ്യാറ്റിങ്കര ഗോപന്റെ ആറാട്ട് എന്ന സിനിമ ഓണത്തിന് റിലീസിനായി ഒരുങ്ങുകയുമാണ്. സ്ത്രീധന വിഷയം സിനിമയുടെ പ്രൊമോഷനുവേണ്ടി ഉപയോഗിച്ചതിനെതിരെയും ചിലർ വീഡിയോയ്ക്ക് താഴെ രംഗത്തെത്തിയിട്ടുണ്ട്.
പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന്‍ ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലിനൊപ്പം വീണ്ടും കൈകോർക്കുന്ന സിനിമകൂടിയാണ് ‘നെയ്യാറ്റിങ്കര ഗോപൻ്റെ ആറാട്ട്’. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.