ആടുജീവിതം വീണ്ടും! ആരാധകർ ആവേശത്തിൽ!

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസ്സിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ അതിപ്രശസ്തമായ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കോവിഡ് മൂലം നിർത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കാനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്. ഡിസംബർ മുതൽ മറ്റു തിരക്കുകളിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങുകയാണ് താരം. യുഎഇ ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബൈയിൽ എത്തിയപ്പോഴാണ് താരം ഇക്കാര്യം പങ്കുവച്ചത്.

‘അൾജീരിയയിലും ജോർദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ഉണ്ടാവുക. ആടുജീവിതത്തിനായി മൂന്ന് മാസത്തെ ഇടവേളയെടുക്കും. അതിനുശേഷം അൾജീരിയയിൽ 40 ദിവസത്തെ ഷെഡ്യൂളിൽ ചിത്രീകരണം ആരംഭിക്കും. അതു കഴിഞ്ഞ് ജോർദ്ദാനിലെ ഷെഡ്യൂളും പൂർത്തിയാക്കിയേ ഇന്ത്യയിലേക്ക് മടങ്ങുകയുള്ള. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂൾ ചിത്രീകരിക്കാനുണ്ട്’, പൃഥ്വിരാജ് പറഞ്ഞു.

നേരത്തെ ശരീരഭാരം 30 കിലോയോളം കുറച്ചും താടി വളർത്തിയുമാണ് ജോർദ്ദാൻ ഷെഡ്യൂളിൽ പൃഥ്വിരാജ് പങ്കെടുത്തത്. ചിത്രീകരണം പിന്നീട് കോവിഡ് പശ്ചാതലത്തിൽ നിർത്തിവച്ചതും ജോർദ്ദാനിൽ നിന്ന് മടങ്ങാനാവാതെ പൃഥ്വിയും സംഘവും നേരിട്ട പ്രതിസന്ധിയും വലിയ വാർത്താശ്രദ്ധ നേടിയിരുന്നു. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. കെ യു മോഹനൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വലിയ ഇടവേളയ്ക്കു ശേഷം എ ആർ റഹ്‌മാൻ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നുവെന്ന പ്രത്യേകതയും ആടുജീവിതത്തിനുണ്ട്.

Related posts