കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് ഒരു പ്രത്യേക ടീം രൂപീകരിക്കണം

pm-cm

കേന്ദ്ര-സംസ്ഥാന ഗവൺമെന്റെകളുടെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് പ്രത്യേക ടീം രൂപീകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് നോര്‍ക്ക ഡയറക്ടറും ബഹാസാദ് ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ. മേനോന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു. നവകേരളം മിഷന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പല പ്രവാസികളും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ അറിയുന്നില്ല. അതുകൊണ്ട് തന്നെ അര്‍ഹരായ കൂടുതല്‍ പേര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നില്ല. പ്രവാസികളെ ബോധവാന്‍മാരാക്കുകയാണ് ആദ്യ ലക്ഷ്യം. പ്രത്യേക ടീം സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്നതോടെ ഈ പ്രശ്‌നം ഒഴിവാകുമെന്ന് മാത്രമല്ല, തുടര്‍ നടത്തിപ്പും ഗുണകരമാകും.

സംസ്ഥാനത്തെ തരിശായ കൃഷിഭൂമികളില്‍ പാട്ടം വ്യവസ്ഥയില്‍ കൃഷി നടത്താനുള്ള പദ്ധതിയുണ്ട്. അതില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ വന്‍ നിക്ഷേപത്തിനും കൃഷി വിപുലീകരണത്തിനും സാദ്ധ്യതയേറെയാണ്. ഇവിടെ നിന്നുള്ള കാര്‍ഷിക വിഭവങ്ങള്‍ സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്നതോടൊപ്പം വിദേശത്തേക്കും കയറ്റുമതി ചെയ്യാനാകും. പ്രവാസി പുനരുദ്ധാരണ പാക്കേജിനൊപ്പം അമേരിക്ക, യു.കെ, ഗള്‍ഫ് മേഖലയിലെ മലയാളികളായ പ്രൊഫഷണലുകള്‍ക്ക് കേരളത്തില്‍ ലോക നിലവാരത്തിനുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കാനാകുമെന്നും ജെ.കെ. മേനോന്‍ പറഞ്ഞു.

നോര്‍ക്ക വൈസ് ചെയര്‍മാനും, ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി, നോര്‍ക്ക ഡയറക്ടറും ആര്‍.പി. ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ.രവി പിള്ള, നോര്‍ക്ക ഡയറക്ടറും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍, നോര്‍ക്ക ഡയറക്ടര്‍മാരായ ഒ.വി.മുസ്തഫ, സി.വി റപ്പായി , ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.മുഹമദ്ദാലി, ലുലൂ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി ആദീബ് അഹമദ് എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Related posts