പൂർണ ആരോഗ്യവതിയായ മകള്‍ അമ്മയുടെ നിര്‍ബന്ധപ്രകാരം വീല്‍ചെയറില്‍ ചിലവഴിച്ചത് നീണ്ട എട്ട് വർഷം മകളോട് കള്ളം പറഞ്ഞാണ് അമ്മ വീല്‍ചെയറില്‍ കഴിയാന്‍ പ്രേരിപ്പിച്ചത്. ഇതോടൊപ്പം മകള്‍ക്ക് അപസ്മാരത്തിന്റെ മരുന്നുകളും നല്‍കിയിരുന്നു. ഇപ്പോള്‍ 12 വയസുള്ള മകള്‍ നാല് വയസുമുതല്‍ വീല്‍ചെയറിലാണ് കഴിയുന്നത്. മകള്‍ക്ക് സ്വന്തമായി ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയില്ലെന്നും ശാരീരികാസ്വാസ്ഥ്യമുണ്ടെന്നും അമ്മ ഡോക്ടര്‍മാരെയും ബോധ്യപ്പെടുത്തിയിരുന്നു. വീല്‍ചെയറിലാണ് കുട്ടി സ്കൂളില്‍ പോയിരുന്നതെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനില്‍ നടന്ന സ്വകാര്യ ഹിയറിങിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തെളിവുകള്‍ പരിശോധിച്ച ശേഷം ജഡ്ജി തന്‍റെ നിഗമനങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങിനെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിക്ക് പ്രശ്‌നങ്ങളുള്ളതായി ചിത്രീകരിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. മകള്‍ക്ക് മറ്റ് അസുഖങ്ങള്‍ക്കൊപ്പം ‘അനിയന്ത്രിതമായ അപസ്മാരം, ഓട്ടിസം’ എന്നിവ ഉണ്ടെന്നാണ് അമ്മ പറഞ്ഞിരുന്നത്. മകളുടെ ആരോഗ്യത്തെയും പെരുമാറ്റത്തെയും കുറിച്ച് അമ്മ ഡോക്ടര്‍മാര്‍ക്ക് ‘അതിശയോക്തിപരമോ തെറ്റായതോ ആയ വിവരണം’ നല്‍കിയതായും കോടതി കണ്ടെത്തി.സാങ്കല്‍പ്പിക അസുഖങ്ങള്‍ ഇത്രയും കാലം തുടര്‍ന്നതിനാല്‍ പെണ്‍കുട്ടിയുടെ ശരീരത്തിന് കാര്യമായ ദോഷം സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചു.
2012 മുതല്‍ അമ്മ മകള്‍ക്ക് വ്യാജ രോഗ ലക്ഷണങ്ങള്‍ ആരോപിക്കാന്‍ തുടങ്ങിയിരുന്നു. 2013ല്‍ അമ്മ റിപ്പോര്‍ട്ട്ചെയ്തത് പ്രകാരം മകള്‍ക്ക് വീല്‍ചെയര്‍ നല്‍കി. 2017ല്‍ മരുന്നുകള്‍ വര്‍ധിപ്പിക്കുകയും പ്രത്യേക ഭക്ഷണക്രമം ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഭക്ഷണം കൊടുക്കാനായി കൃത്രിമ ട്യൂബ് ഘടിപ്പിച്ചു. 2018 ന്‍റെ തുടക്കത്തില്‍, ട്യൂബ് മാറ്റിസ്ഥാപിക്കാനുള്ള അപ്പോയിന്മെന്റിനിടെ പെണ്‍കുട്ടി അമ്മയുടെ പെരുമാറ്റത്തെകുറിച്ച് സംശയം ഉന്നയിക്കുകയായിരുന്നു.2019 ഒക്ടോബറില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ അമ്മയില്‍ നിന്ന് അവളെ ഏറ്റെടുത്തശേഷമാണ് ആരോഗ്യവതിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ബന്ധുക്കളോടൊപ്പം താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. പെണ്‍കുട്ടി സാധാരണ കുട്ടിയാണെന്നും ശാരീരികമായി തികച്ചും ആരോഗ്യവതിയാണെന്നും ജഡ്ജി ജൂഡ് തന്‍റെ കുറിപ്പില്‍ വ്യക്തമാക്കി.