ദിവ എന്ന് പേരിട്ടിരിക്കുന്ന 33 മീറ്ററിലുള്ള കൈകള്‍ കൊണ്ട് നിര്‍മ്മിച്ച ബ്രസീലിലെ യോനി ശില്‍പം തയ്യാറാക്കിയിരിക്കുന്നത് വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ജൂലിയാന നൊടാരിയുടെ നേതൃത്വത്തിലാണ്. ശനിയാഴ്ച പെര്‍നാമുംബുകോയിലെ റൂറല്‍ ആര്‍ട്ട് പാര്‍ക്കിലാണ് ശില്‍പം അനാച്ഛാദനം ചെയ്തത്. ബ്രസീലിലെ സാംസ്കാരികപരമായി സജീവമായ സ്ഥലങ്ങളിലൊന്നാണ് പെര്‍നാമുംബുകോ.
‘നമ്മുടെ പുരുഷമേധാവിത്വമുള്ള, മനുഷ്യനാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയവനെന്ന കാഴ്ചപ്പാടുള്ള പാശ്ചാത്യസമൂഹത്തില്‍ പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതിനും ലിംഗഭേദം സംബന്ധിച്ച് സംവാദത്തിന് പ്രേരിപ്പിക്കുന്നതിനുമാണ് ഇങ്ങനെയൊരു ശില്‍പത്തിന് രൂപം നല്‍കിയത്’ എന്നാണ് നൊടാരി ഫേസ്ബുക്ക് കുറിപ്പില്‍ ശില്‍പത്തെ കുറിച്ച് പറഞ്ഞത്. ഈ കോണ്‍ക്രീറ്റ് യോനി ശിൽപം വലിയ ചര്‍ച്ചകള്‍ക്കും വിവാദത്തിനും വഴിവെച്ചിരിക്കുകയാണ്. ഇടത് ചിന്താഗതിക്കാരായ കലാകാരന്മാരും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡണ്ട് ജൈര്‍ ബോള്‍സനാരോയെ പിന്തുണയ്ക്കുന്നവരും തമ്മില്‍ ഇതേ തുടർന്ന് സാമൂഹികമാധ്യമങ്ങളിലടക്കം വന്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.
ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു സംവാദം വളരെ ആവശ്യമാണ് എന്നും ജൈര്‍ ബോള്‍സനാരോയുടെ ബ്രസീലില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെ സൂചിപ്പിച്ച് കൊണ്ട് നൊടാരി പറയുകയുണ്ടായി. എന്നാല്‍, നൊടാരിയുടെ ഫേസ്ബുക്ക് കുറിപ്പ് വളരെ വേഗത്തില്‍ തന്നെ വലിയ ചര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു. ഒരുപാട് വിദ്വേഷ കമന്‍റുകളും എതിര്‍പ്പുകളും ഉയര്‍ന്നുവന്നു. പ്രധാനമായും ബോള്‍സനാരോയെ പിന്തുണക്കുന്ന വലതുപക്ഷ അനുയായികളാണ് എതിര്‍പ്പുകളുമായെത്തിയത്. ‘നിങ്ങള്‍ ഇടതുകാര്‍ ആരെയാണ് വിഡ്ഢികളാക്കുന്നതെന്നാണ് കരുതുന്നത്. ഇടതുഭാഗത്തുള്ള ഉപയോഗപ്രദമായ വിഡ്ഢികളെയല്ലാതെ’ എന്നാണ് ഒരാളെഴുതിയത്.
എങ്കിലും കൂടുതല്‍ പേരും നൊടാരിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. 11 മാസത്തെ അധ്വാനത്തിനുശേഷമാണ് ഈ ശില്‍പത്തിന്‍റെ പണി പൂര്‍ത്തിയായത്. ട്രാന്‍സ് കാര്‍ട്ടൂണിസ്റ്റായ ലാര്‍ത്തേ കൌടിഞ്ഞ്യോയും നൊടാരിയുടെ ശില്‍പത്തെ പിന്തുണച്ചു. കൌടിഞ്ഞ്യോ ട്വീറ്റ് ചെയ്തത് ‘ഈ ശില്‍പത്തില്‍ ഒരുപാട് ചിന്തിക്കാനുണ്ട്’ എന്നാണ്. മറ്റൊരാള്‍ എഴുതിയത്, ‘എനിക്കിത് വളരെ ഇഷ്ടമായി. ഞങ്ങളുടെ ഒരു പ്രധാനഭാഗത്തെ എത്ര മനോഹരമായി അത് തുറന്നുകാട്ടുന്നു. ഫെമിനിസത്തെയും അതിന്റെ സൂക്ഷ്മതയെയും ഉയർത്തുന്ന ഇത്തരം കൂടുതൽ കലകള്‍ ഞങ്ങൾക്ക് ആവശ്യമാണ്’ എന്നാണ്.
പെര്‍നാമുംബുകോ കേന്ദ്രീകരിച്ചുള്ള സിനിമാ സംവിധായകന്‍ ക്ലെബര്‍ മെംഡോന്‍കാ ഫില്‍ഹോ ശില്‍പത്തിന് രൂപം നല്‍കിയതിന് നൊടാരിയെ അഭിനന്ദിച്ചു. ഒരു ഭീമന്‍ യോനിയിലൂടെ ബ്രസീലിന്‍റെ ചരിത്രത്തിലെ യാഥാസ്ഥിതിക നിമിഷങ്ങളോട് പ്രതികരിച്ചതിന് അദ്ദേഹം നൊടാരിയെ അഭിനന്ദിച്ചു. ശില്‍പത്തോടുള്ള പ്രതികരണങ്ങള്‍ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണെന്നും അതിനാല്‍ തന്നെ അത് വിജയിച്ചുവെന്നാണ് കരുതേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.