സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുളളത്, എന്നാല്‍ അത് സ്‌നേഹം പ്രകടിപ്പിക്കുന്ന രീതിയാണെന്ന് അവര്‍ക്കറിയില്ലല്ലോ: ഷംന കാസിം

BY AISWARYA

തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത നടി ഷംന കാസിമിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തെലുങ്കില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ താരം വിധികര്‍ത്താവായി എത്തിയപ്പോള്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് വീഡിയോകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ഷംന കാസിം. അമ്മയുടെ മുഖത്ത് കടിക്കുന്ന ചിത്രവും സുഹൃത്തിനെ ചുംബിക്കുന്ന ചിത്രവുമാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

‘നിങ്ങളെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല, കാരണം ആര്‍ക്കും യഥാര്‍ത്ഥ നിങ്ങളെ അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്. എന്നാല്‍ അത് നിങ്ങള്‍ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണെന്ന് അവര്‍ക്ക് അറിയില്ല. ഇതാണ് നിങ്ങള്‍,,, മറ്റുള്ളവര്‍ക്ക് വേണ്ടി മാറേണ്ട ആവശ്യമില്ല. മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷംന കുറിച്ചത്.

മത്സരാര്‍ത്ഥികളായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ ഷംനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഷംനയുടെ വികാരപ്രകടനം അതിരുകടന്നു പോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും നിരവധിയാളുകള്‍ പറയുകയുണ്ടായി. എന്നാല്‍ സന്തോഷകരമായ സ്‌നേഹ പ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കപട-സദാചാരമാണെന്നാണ് ഷംനയെ അനുകൂലിക്കുന്നവരുടെ പക്ഷം.

അതേസമയം ഇതാദ്യമായി അല്ല ഷംന ഇത്തരത്തില്‍ സ്‌നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ഷോയിലെ മത്സരാര്‍ത്ഥികളെ സമാനമായ രീതിയില്‍ ഇവര്‍ സ്‌നേഹ പ്രകടനം നടത്തിയിരുന്നു.

 

Related posts