മനസ്സിലിപ്പോഴും നിറഞ്ഞു കവിഞ്ഞ ഓഡിറ്റോറിയത്തില്‍ നിന്ന് പാടുന്ന ബാലുവിന്റെ രൂപമാണ്,അത് അങ്ങനെ തന്നെ നിലനില്‍ക്കട്ടെ,,,,,വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ ഓര്‍മ്മകളുമായി ജാസി ഗിഫ്റ്റ്

BY AISWARYA

വയലിനില്‍ സംഗീതത്തിന്റെ മാന്ത്രികത സൃഷ്ടിച്ച കലാകാരന്‍. എന്നും ചിരിച്ച മുഖവുമായി സ്റ്റേജിലെത്തിയിരുന്ന ബാലഭാസ്‌കര്‍, ഓര്‍മ്മ ആയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം പിന്നിടുകയാണ്. ബാലഭാസ്‌കറിനെക്കുറിച്ച് ഗായകനും അടുത്ത സുഹൃത്തുമായ ജാസി ഗിഫ്റ്റിന് പറയാനുളളത് കേള്‍ക്കാം.

യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ചുളള പരിചയമാണ് ഞാനും ബാലഭാസ്‌കറും തമ്മിലുളളത്. അന്നൊന്നും ഞാന്‍ പ്രൊഫഷണല്‍ സംഗീതലോകത്തേയ്ക്ക് എത്തിയിരുന്നില്ല. എന്റെ ജൂനിയറായിട്ടായിരുന്നു ബാലു എത്തിയത്.അതിനു ശേഷമാണ് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ പരിപാടികള്‍ സംഘടിപ്പിക്കാനായി കണ്‍ഫ്യൂഷന്‍ ബാന്‍ഡ് തുടങ്ങിയത്. അന്നു മുതലുളള ബന്ധമാണ് ഞങ്ങളുടേത്. അവന്‍ റെക്കോര്‍ഡിങുകള്‍ കഴിഞ്ഞു വരുമ്പോള്‍ പല അനുഭവങ്ങളും പങ്കുവെക്കും. അതൊക്കെ കേള്‍ക്കാന്‍ ഞങ്ങളുടെ ഒരു സംഘം തന്നെയുണ്ടാകും. വലിയൊരു ഉണര്‍വ്വും സന്തോഷവുമാണ് ഞങ്ങള്‍ക്കെല്ലാം അവനില്‍ നിന്ന് കിട്ടിയിരുന്നത്. അന്നത്തെ ഓര്‍മ്മകളൊക്കെ ഇപ്പോഴും മനസ്സില്‍ നിന്നു മായാതെ കിടക്കുകയാണ്.

ബാലുവിന് അപകടം പറ്റുന്നതിന് ഒരാഴ്ച മുമ്പാണ് അവസാനം അവനെ കണ്ടത്. ഞങ്ങളുടെ’ടാലന്റഡ്’ഗ്രൂപ്പ് ഒരു ഫോറിന്‍ ട്രിപ്പ് പ്‌ളാന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബാലു ആയിരുന്നു അതിന്റെ സംഘാടകന്‍. അവന്‍ ഞങ്ങള്‍ക്കിടയില്‍ വന്നുകഴിഞ്ഞാല്‍ വല്ലാത്തൊരു ഉണര്‍വ്വാണ് എല്ലാവര്‍ക്കും. ആഘോഷത്തിന്റെയും സൗഹൃദത്തിന്റെയും അങ്ങേയറ്റമാണ് അവന്‍. അന്ന് പരിപാടിയെക്കുറിച്ചുളള ചര്‍ച്ചകള്‍ കഴിഞ്ഞു വീട്ടിലെത്തിയ ശേഷം ‘അണ്ണന്‍ ഒരു ദിവസം വീട്ടിലേക്ക് വരണം’ എന്ന് എനിക്ക് മെസേജ് അയച്ചു. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആണ് അപകടം സംഭവിച്ചത്.

ബാലുവിന്റെ ഓര്‍മദിനത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഞങ്ങളെല്ലാം പങ്കെടുക്കുന്ന ഒരു അനുസ്മരണ പരിപാടിയുണ്ട്. അതിനു ശേഷം ഗോള്‍ഡന്‍ ടാലന്റ് ഓണ്‍ലൈന്‍ ആയി ഒരു ട്രിബ്യൂട്ട് നടത്താറുണ്ട്. അവന്റെ ബാന്റ് ഒത്തുചേര്‍ന്നു നടത്തുന്ന മറ്റൊരു പരിപാടിയും ഉണ്ട്. ഇനിയിപ്പോള്‍ അവന്റെ സംഗീതവും അനശ്വരമാണ്. അവന്റെ സംഗീതം ഞങ്ങള്‍ക്കിടയില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു. അവന്‍ മരിച്ചെന്നു കരുതാന്‍ എനിക്ക് വിഷമമാണ്. മനസ്സിലിപ്പോഴും നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയത്തില്‍ നിന്ന് പാടുന്ന ബാലുവിന്റെ രൂപമാണ്. അത് അങ്ങനെ നിലനില്‍ക്കട്ടെ…

Related posts