ഗോസിപ്പ് കോളങ്ങള്‍ക്ക് വിരാമമിട്ട്, സാമന്ത- നാഗചൈതന്യ വേര്‍പിരിയുന്നു

BY AISWARYA

കഴിഞ്ഞ കുറച്ച് നാളുകളായുള്ള സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ച് സാമന്തയും നാഗചൈതന്യയും.ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും പത്ത് വര്‍ഷത്തിലധികമായുള്ള സൗഹൃദം തങ്ങളുടെ ജീവിതത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നെന്നും എക്കാലവും അതുണ്ടാവുമെന്ന് വിശ്വസിക്കുന്നുമെന്നും താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എല്ലാവരുടേയും പിന്തുണ വേണമെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വരുന്ന ഒക്‌ടോബര്‍ 6 ന് ഇവരുടെ നാലാം വിവാഹവാര്‍ഷികം വരാനിരിക്കെയാണ് വേര്‍പിരിയലിനെക്കുറിച്ച് ഇരുവരും അറിയിക്കുന്നത്‌.

അടുത്തിടെയായി ഗോസിപ് കോളങ്ങളിലെ സ്ഥിരം പേരുകളാണ് തെലുങ്ക് താരദമ്പതികളായ സാമന്തയും നാഗചൈതന്യയും. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അകല്‍ച്ചയിലാണെന്നും വേര്‍പിരിഞ്ഞാണ് താമസമെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു.ഇതിന് പിന്നാലെ നാഗചൈതന്യയുടെ പുതിയ ചിത്രം ലൗ സ്റ്റോറിയുടെ വിജയാഘോഷങ്ങളിലും സാമന്തയുടെ അസാന്നിധ്യമാണ് ഏറ്റവും ചര്‍ച്ചയായത്. നാഗചൈതന്യയുടെ പിതാവും സൂപ്പര്‍താരവുമായ ചിരഞ്ജീവിയുടെ വീട്ടില്‍ ആമിര്‍ഖാന് നല്‍കിയ വിരുന്നിലും സാമന്തയുണ്ടായിരുന്നില്ല. ഇതോടെ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത ആരാധകരും ഏറ്റെടുത്തിരുന്നു.നിലവില്‍ നിരവധി ഓഫറുകളും ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ് സാമന്ത. ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്ക് സാമന്ത താമസം മാറുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

കുറച്ചു മുമ്പ് സാമന്ത സോഷ്യല്‍ മീഡിയയിലെ ഭര്‍ത്താവിന്റെ കുടുംബ പേരായ അക്കിനേനി എന്ന സര്‍ നെയിം മാറ്റിയതാണ് വിവാഹമോചന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. പിന്നാലെ, നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുനയുടെ ജന്മദിനാഘോഷത്തിലും സാമന്ത പങ്കെടുത്തിരുന്നില്ല. അക്കിനേനി കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും അതുവരെ താരം സജീവമായിരുന്നു. തുടര്‍ന്ന് സാമന്തയുടെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പല തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നു വന്നിരുന്നു.

ഈയിടെ പുറത്തിറങ്ങിയ ഫാമിലിമാന്‍ വെബ്‌സീരീസ് ടുവിലെ രാജി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്ത ഒന്നായിരുന്നു. സാമന്തയുടെ റിലീസിനായി കാത്തിരിക്കുന്ന കാത്തുവാക്കുലെ രെണ്ട് കാതല്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണ്. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. അതേസമയം, ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയാണ് നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രം. നാഗ ചൈതന്യ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

2017 ഒക്ടോബര്‍ ആറിനാണ് നാഗ ചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു മജിലി.

Related posts