ഞങ്ങളുടെ കുരുന്നുകളെ മഹാവ്യാധിയുടെ ഭീഷണി നിലനില്‍ക്കും കാലത്ത് എന്തിനാണ് തിരക്കിട്ട് സ്‌കൂളുകളിലേക്ക് കൊണ്ട് പോകുന്നതെന്ന് സീരിയല്‍ താരം ശ്രിയ രമേശ് ചോദിക്കുന്നു

BY AISWARYA

കോവിഡ് കേസുകള്‍ ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നിരിക്കെ ക്ലാസുകള്‍ ആരംഭിക്കാനുളള നടപടിയെ ഏറെ ആശങ്കയോടെയാണ് ഓരോ രക്ഷിതാക്കളും കാണുന്നത്. നവംബര്‍ ഒന്നിന് പ്രൈമറി ക്ലാസ് മുതല്‍ 7 വരെയും 10,12 ക്ലാസുകളും ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുളളത്. എന്നാല്‍ സംസ്ഥാനത്ത് ഉടനെ സ്‌കൂളുകള്‍ തുറക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ താരം ശ്രിയ രമേശ്.

ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവിലെ മീരയായിട്ടാണ് ശ്രിയ സീരിയല്‍ രംഗത്തേക്ക് ആദ്യമായി എത്തുന്നത്. പിന്നീട് സത്യമേവ ജയതേ, ഏഴു രാത്രികള്‍, മായാമോഹിനി, അയ്യപ്പ ശരണം തുടങ്ങീ അനവധി സീരിയലുകളില്‍ വേഷമിട്ടു. 2015 ലെ സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തും ചുവടുറപ്പിച്ചു. നിലവില്‍ തെലുങ്കിലെ അട്ടരിന്റിക്കി ദരേഡി എന്ന സീരിയലില്‍ അഭിനയിച്ചു വരികയാണ് .ഇപ്പോഴിതാ താരം തന്റെ തുറന്ന കത്തിലൂടെയാണ്, നിലവില്‍ സ്‌കൂളുകള്‍ തുറക്കുന്നതിലുളള ആശങ്ക പങ്കുവെക്കുന്നത്.

ലോകത്തെ ജനങ്ങളെ ആകെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ചൈനയില്‍ നിന്നും അപ്രതീക്ഷിതമായി കോവിഡ് -19 എന്ന മഹാമാരി പടര്‍ന്നപ്പോള്‍ നാമെല്ലാം ഏറ്റവും ആശങ്കപെട്ടത് നമ്മുടെ പൊന്നോമനകളെ കുറിച്ചതായിരുന്നു. ശലഭങ്ങളെ പോലെ പാറിനടന്നിരുന്ന കുരുന്നുകളെ പൊടുന്നനെ നാം വീടകങ്ങളിലേക്ക് ഒതുക്കി. മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടയിലും നാം അവരെ സുരക്ഷിതരായി മാറോട് ചേര്‍ത്ത് പിടിച്ചു. പഠനത്തിനു ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമാക്കി. പലവിധ പരിമിതികള്‍ ഉണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ പുറത്തിറങ്ങി ആളുകളുമായി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കത്തില്‍ ശ്രിയ പറയുന്നു.

എന്നാല്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും കോവിഡ് ബാധിക്കുന്നു എന്ന വാര്‍ത്തകള്‍ ആശങ്ക ഉണ്ടാക്കുന്നു. എന്നിട്ടും കലാലയങ്ങള്‍ തുറക്കുവാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഞങ്ങളുടെ കുരുന്നുകളെ ഈ മഹാവ്യാധിയുടെ ഭീഷണി നിലനില്‍ക്കും കാലത്ത് എന്തിനാണ് തിരക്കിട്ട് സ്‌കൂളുകളിലേക്ക് കൊണ്ട് പോകുന്നതെന്നും, ആശങ്ക ഒഴിവാകുന്ന നാളുകളില്‍ സ്‌കൂളുകള്‍ തുറന്നാല്‍ പോരെയെന്നും ശ്രിയ ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഒരു വര്‍ഷം കൂടെ അവര്‍ നേരിട്ട് ക്ലാസില്‍ എത്തിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല. റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാതിരിക്കുന്ന വലിയ ഒരു വിഭാഗം കിറ്റിനായി ക്യൂ നിന്നത് നാം കണ്ടത് അതുകൊണ്ട് കൂടെയാണ്. ജോലിയില്ലാതായതോടെ പല വീടുകളിലെയും സ്ത്രീകളുടെ കെട്ടുതാലിയും കമ്മലും വരെ പണയത്തിലാണ്.ജനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഈ അധ്യയന വര്ഷത്തിന്റെ പാതി പിന്നിട്ട ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ യൂണിഫോമിനും, ട്രാന്‍സ്‌പോര്‍ട്ടേഷനും, ബാഗും ബുക്കും പോലുള്ളവയ്ക്കുമായി നല്ല ഒരു തുക കണ്ടെത്തേണ്ടിയും വരും. പ്രത്യേകിച്ച് രണ്ടും മൂന്നും കുട്ടികള്‍ ഉള്ളവര്‍ക്ക് അത് ചെറിയ ബുദ്ധിമുട്ടല്ല ഉണ്ടാക്കുകയെന്നും ശ്രിയ കത്തിലൂടെ വ്യക്തമാക്കുന്നു.

 

Related posts