എസ് പി ബി എന്ന ഗാന ഗന്ധര്‍വന്റെ ഉളളിലെ നടനെ അറിയാം….

BY AISWARYA

അനശ്വര ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. എത്രയോ നല്ല ഹിറ്റ് പാട്ടുകള്‍ നമുക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. ഇന്നും ആ മധുരമൂറുന്ന സ്വരത്തിന് പകരം വെക്കാന്‍ തമിഴില്‍ മറ്റൊന്നിനും ആവില്ല. എസ്.പി.ബി. പ്രതിഭാശാലിയായ ഒരു ഗായകന്‍ മാത്രമായിരുന്നില്ല. തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലുടനീളം പ്രേക്ഷകരെ ആകര്‍ഷിച്ച നടന്‍ കൂടിയായിരുന്നു. ചെറിയ വേഷമാണെങ്കില്‍ പോലും വളരെ തന്‍മയത്വത്തോടെ അവതരിപ്പിച്ചു.തമിഴ് സിനിമകളില്‍ അദ്ദേഹം ചെയ്ത മികച്ച ചില കഥാപാത്രങ്ങളെ നമുക്ക് പരിചയപ്പെടാം.

1987 ലെ കെ. ബാലചന്ദറിന്റെ മനതില്‍ ഉരുതി വേണ്ടുമില്‍ അര്‍ത്ഥനാരി എന്ന പേരിലുളള ഡോക്ടറുടെ വേഷത്തിലാണ് എസ്പിബി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്.സുഹാസിനി മണിരത്‌നം ആയിരുന്നു സിനിമയിലെ നായിക. പിന്നീട് 1990 ല്‍ പുറത്തിറങ്ങിയ കേളടി കണ്‍മണിയില്‍ ആദ്യമായി നായകനായി. വസന്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ സ്‌നേഹമുള്ള ഒരു അച്ഛനായും നിസ്സഹായനായ മനുഷ്യനായും എസ്ബിബി പ്രേക്ഷകരെയും നിരീക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചു. സിനിമയില്‍ അദ്ദേഹം പാടിയ ”മണ്ണില്‍ ഇന്ദ” എന്ന ഗാനം ഇന്നും വളരെ ജനപ്രിയമാണ്. തമിഴിലെ അക്കാലത്ത് തിളങ്ങിനിന്നിരുന്ന നടനായിരുന്നു കമല്‍ഹാസന്‍. കമല്‍ ഹാസനോടപ്പം ഗുണ എന്ന ചിത്രത്തിലും അഭിനയിച്ചു. ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ,തമിഴ് ഭാഷയൊഴിച്ച് തെലുങ്ക് പതിപ്പ് ഉള്‍പ്പെടെ മിക്ക ഭാഷയിലും എസ്പിബിയാണ് ഗാനം ആലപിച്ചത്. ഗാനം വന്‍ഹിറ്റായിരുന്നു.

 

വിമര്‍ശനപരമായും വാണിജ്യപരമായും ഏറെ പ്രശംസ നേടിയ സിനിമയായിരുന്നു തലൈവാസല്‍. അതില്‍ ഷണ്‍മുഖ സുന്ദരം എന്ന കോളേജ് പ്രൊഫസറായിട്ടായിരുന്നു എസ്പിബി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയത്. ബോക്‌സ് ഓഫീസില്‍ ചിത്രം 100 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. തുടര്‍ന്ന് ഒട്ടവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലെത്തി. തിരുഡ തിരുഡ (1993), കാതലന്‍ (1994), പാട്ടു പാടവ (1995), കാതല്‍ ദേസം (1996), ഉല്ലാസം (1997), രത്ചഗന്‍ (1997), മിന്‍സാര കനവ് (1997), നന്ദിനി (1997),മായാ (1999), പ്രിയമാനവളെ (2000), മാജിക് മാജിക് – 3 ഡി (2003), നാണയം (2010), മൂന്നേ മൂന്ന് വാര്‍ത്തൈ (2015) എന്നിവയാണവ. എസ്പിബി സിബിഐ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ തിരുഡ തിരുഡ എന്ന ചിത്രം ദേശീയ ചലച്ചിത്ര അവാര്‍ഡും മികച്ച കൊറിയോഗ്രാഫിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്.

തമിഴിലെ മികച്ച നടന്മാരായ പ്രഭുദേവയുടെ അച്ഛനായി കാതലനിലും അജിത്തിന്റെ അച്ഛനായി ഉല്ലാസത്തിലും വിജയ്‌യുടെ അച്ഛനായി പ്രിയമാനവളേയിലും അദ്ദേഹം എത്തി. ഉല്ലാസത്തില്‍ കാര്‍ത്തിക് രാജ സംഗീതം നല്‍കിയ ജനപ്രിയ ”ചോ ലാരെ” എന്ന ഗാനവും എസ്പിബി ആലപിച്ചു. ടോളിവുഡ് താരം നാഗാര്‍ജുന നായകനായ രത്ചഗന്‍ എന്ന സിനിമയില്‍ നായകന്റെ അച്ഛന്‍, ഇന്‍ഷുറന്‍സ് ഏജന്റായ പത്മനാഭന്‍ എന്ന കഥാപാത്രത്തെയാണ് എസ്പിബി അവതരിപ്പിച്ചത്. സിനിമയിലെ ലക്കി ലക്കി എന്ന ഗാനവും പാടി. മനോബാലയുടെ നന്ദിനി എന്ന സിനിമയില്‍ എസ്പിബിയും സുഹാസിനിയും വീണ്ടും ഒന്നിച്ചു. എസ്പിബിയുടെ ആദ്യകാല സിനിമകളിലൊന്നായ മനതില്‍ ഉരുതി വേണ്ടുമില്‍ സുഹാസിനിയുടെ കഥാപാത്രത്തിന്റെ പേര് നന്ദിനി എന്നായിരുന്നു. സ്‌ക്രീനില്‍ അധികം ഇല്ലാതിരിന്നിട്ടും കിട്ടിയ വേഷം അദ്ദേഹം ഗംഭീരമാക്കി.

ജോസ് പുന്നൂസിന്റെ സ്റ്റീരിയോസ്‌കോപ്പിക് 3 ഡി ഫാന്റസി ചിത്രമായ മാജിക് മാജിക് 3 ഡിയില്‍, എസ്പിബി തന്റെ കൊച്ചുമകനെ പരിപാലിക്കുന്ന ഒരു മുതിര്‍ന്ന മാന്ത്രികന്റെ വേഷമാണ് ചെയ്തത്. ഈ ചിത്രം വലിയ ബോക്‌സോഫീസ് വിജയമാവുകയും മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടി. നാണയം എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നതിനു പുറമേ, ചിത്രത്തിനായി ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. എസ്പിബി അവസാനമായി അഭിനയിച്ചത് 2015 ലെ മൂന്നേ മൂന്ന് വാര്‍ത്തൈയിലായിരുന്നു. ഇതില്‍ നായകന്‍ അര്‍ജുന്‍ ചിദംബരത്തിന്റെ മുത്തച്ഛനായിട്ടാണ് വേഷമിട്ടത്. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരുന്ന രസകരമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. രസകരമെന്നു പറയട്ടെ, ആ സിനിമ നിര്‍മ്മിച്ചത് എസ്പിബിയുടെ മകന്‍ എസ്പി ചരണ്‍ ആയിരുന്നു. അതിഥി വേഷത്തില്‍ അദ്ദേഹവും സിനിമയില്‍ എത്തിയിരുന്നു.

 

 

 

 

 

 

 

.

Related posts