‘ഇത്തരം ഒന്നിനും കൊള്ളാത്തവന്മാര്‍ക്ക് മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും പ്രോത്സാഹനം ലഭിക്കുന്നത് നാണക്കേടായി തോന്നുന്നു,’ സാമന്ത – നാഗചൈതന്യ വിവാഹമോചനത്തില്‍ പ്രതികരിച്ച് കങ്കണ റനൗട്ട്

BY AISWARYA

തെന്നിന്ത്യയിലെ താരദമ്പതികളായ സാമന്ത- നാഗചൈതന്യ വിവാഹ മോചന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി കങ്കണ റനൗട്ട് ഇവരുടെ വിവാഹമോചന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡിലെ ‘വിവാഹമോചന വിദഗ്ധനുമായി’ നാഗചൈതന്യ അടുത്ത ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് വിവാഹമോചനം ഉണ്ടായതെന്നാണ് കങ്കണയുടെ വാദം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം തുറന്നടിച്ചത്.

‘വിവാഹമോചനം എപ്പോഴൊക്കെ സംഭവിക്കുന്നുവോ അത് പുരുഷന്റെ തെറ്റായിരിക്കും. ഞാന്‍ യാഥാസ്ഥിതികയാണെന്നോ മുന്‍വിധിയെഴുതുന്നവളാണെന്നോ തോന്നാം, പക്ഷേ ദൈവം പുരുഷനെയും സ്ത്രീയെയും അവരുടെ സ്വഭാവത്തെയും സൃഷ്ടിച്ചത് ഇങ്ങനെയാണ്,” കങ്കണ പറഞ്ഞു. വിവാഹമോചനം നടത്തുന്ന പുരുഷന്‍ ഒരു വേട്ടക്കാരനാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

വസ്ത്രങ്ങള്‍ പോലെ സ്ത്രീകളെ മാറ്റുകയും പിന്നീട് അവരെ തങ്ങളുടെ ഉറ്റസുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്യുന്ന ഒന്നിനുംകൊള്ളാത്തവരോട് ദയകാണിക്കുന്നത് നിര്‍ത്തണം. നൂറില്‍ ഒരു സ്ത്രീക്ക് തെറ്റുപറ്റിയേക്കാം.മാധ്യമങ്ങളും ആരാധകരും പുരുഷന്മാരെ അഭിനന്ദിക്കുകയും സ്ത്രീകള്‍ക്കെതിരെ വിധിയെഴുതുകയും ചെയ്യുകയാണ്.ഇത്തരം ഒന്നിനും കൊള്ളാത്തവന്മാര്‍ക്ക് മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും പ്രോത്സാഹനം ലഭിക്കുന്നത് നാണക്കേടായി തോന്നുന്നുന്നു.മുമ്പെങ്ങുമില്ലാത്തവിധം വിവാഹ മോചനങ്ങള്‍ വളരുകയാണെന്നും കങ്കണ പറയുന്നു.

കഴിഞ്ഞ ദിവസം  സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഇവരുടെ വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ചത്‌.

 

Related posts