BY AISWARYA
കൊച്ചി: സിനിമകള്‍ക്കു പുറമെ സിരീയലുകളിലും ശ്രദ്ധേയ വേഷങ്ങളിലെത്തിയ നടനാണ് രാഘവന്‍. കഴിഞ്ഞ ദിവസങ്ങളിലായി രാഘവന്‍ വളരെ കഷ്ടത്തിലാണ് ജീവിക്കുന്നതെന്ന തരത്തില്‍ നിരവധി വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. മലയാളത്തിലെ യുവനടനും മകനുമായിരുന്ന ജിഷ്ണു ക്യാന്‍സര്‍ ബാധിതനായി മരണപ്പെട്ടതോടെ നടനും ഭാര്യയും മകന്റെ ഓര്‍മകളില്‍ നീറിയാണ് കഴിയുന്നത്. അദ്ദേഹത്തിന് മോശം സാമ്പത്തികസ്ഥിതിയാണുളളതെന്നും പലതരത്തില്‍ വാര്‍ത്തകളുണ്ടായി. ഒരു നിര്‍മാതാവാണ് ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരുന്നത്.എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഘവന്‍.
രാഘവനടക്കമുളള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നുമായിരുന്നു പോസ്റ്റ്. ഈ പോസ്റ്റ് വന്‍ വാര്‍ത്തയായതിന് പിന്നാലെയാണ് രാഘവന്‍ സത്യാവസ്ഥ വെളിപ്പെടുത്തിയത്. എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. വ്യാജ പ്രചാരണങ്ങളില്‍ കടുത്ത വിഷമമുണ്ട്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ഈ പ്രായത്തിലും ജോലി ചെയ്തു തന്നെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ എനിക്ക് ജീവിക്കാനുളള അവസരങ്ങളൊക്കെ ലഭിക്കുന്നുണ്ടെന്നും രാഘവന്‍ വ്യക്തമാക്കി.
ഇപ്പോള്‍ തെലുങ്ക് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ്.പ്രഭാസിനൊപ്പമുളള പുതിയ ചിത്രത്തില്‍ നായകന്റെ മുത്തശ്ശന്റെ വേഷമാണ് ചെയ്യുന്നത്. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും രാഘവന്‍ ശ്രദ്ധേയവേഷത്തിലെത്തുന്നുണ്ട്. കൂടാതെ നിരവധി മലയാള ചിത്രങ്ങളിലും അഭിനയിക്കുകയാണ്. നായകനായിട്ടുളള ചിത്രവും റിലീസിനൊരുങ്ങുന്നു.ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിട്ടുളളത്.