ആദ്യ ദിനം പത്തു കോടിയിലേറെ കളക്ഷനുമായി ലവ് സ്‌റ്റോറി വമ്പന്‍ ഹിറ്റ്

BY AISWARYA

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകള്‍ തുറന്നത് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ആഘോഷമാക്കി സിനിമാപ്രേമികള്‍. നാഗചൈതന്യ നായകനും മലയാളികളുടെ സ്വന്തം മലരായി മാറിയ സായ് പല്ലവി നായികയുമായെത്തിയ ചിത്രമാണ് ലവ് സ്റ്റോറി. ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായ ഫിദയ്ക്ക് ശേഷം ശേഖര്‍ കാമ്മുലയും സായ് പല്ലവിയും ഒരുമിക്കുന്ന ചിത്രമാണിത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യം ദിനം തന്നെ പത്തുകോടിയിലേറെ കളക്ഷനാണ് നേടിയത്.

അമേരിക്കയില്‍ റിലീസ് ചെയ്തു ആദ്യ ദിനം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയെ നേട്ടവും ചിത്രം കൈവരിച്ചതായാണ് റിപ്പോര്‍ട്ട്.ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും എല്ലാ തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്‍ ആയിരുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മാത്രം ആദ്യ ദിനം ആറുകോടിയിലേറെ കളക്ഷന്‍ നേടാനായി. മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി ചിത്രത്തിന് ആദ്യം ദിവസം നാലു കോടിയോളം രൂപയും കളക്ഷന്‍ ലഭിച്ചു. ലോകമെമ്പാടുമായി ആയിരം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലായി 700 ലേറെ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി.

ശേഖര്‍ കാമ്മുല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലവ് സ്റ്റോറി. 32 കോടി രൂപ മുതല്‍ മുടക്കി നാരായന്‍ ദാസ് കെ നരംഗ്, പുഷ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരം നാഗ ചൈതന്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഇത് മാറിയേക്കാം എന്നാണ് വിവരം. രാജീവ് കങ്കല, ദേവയാനി, ഈശ്വരി റാവു, സത്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

 

 

Related posts